കണ്ണൂർ: യാത്രാ നിയന്ത്രണത്തിൽ കേന്ദ്ര സർക്കാർ അയവു വരുത്തിയിട്ടും അതിന്റെ ഗുണം ലഭിക്കുന്നില്ലെന്ന പരാതിയിൽ കണ്ണൂർ, കുടക് ജില്ലാ ഭരണകൂടങ്ങൾ കൊമ്പുകോർക്കുന്നു. കേരള, കർണാടക അന്തർ സംസ്ഥാന ഗതാഗതത്തെ ചൊല്ലിയാണ് ഇപ്പോഴും രൂക്ഷമായ അഭിപ്രായവ്യത്യാസം തുടരുന്നത്.
യാത്രാ പാസോ മറ്റുനിയന്ത്രണങ്ങളോ അന്തർ സംസ്ഥാന യാത്രയ്ക്ക് ആവശ്യമില്ലെന്ന കേന്ദ്ര സർക്കറിന്റെ ഉത്തരവ് ഇറങ്ങിയിട്ട് ദിവസങ്ങളായി. എന്നാൽ മാക്കൂട്ടം ചുരം അന്തർ സംസ്ഥാന പാതയിലൂടെയുള്ള യാത്രയ്ക്ക് കണ്ണൂർ ജില്ലാ ഭരണകൂടം ഏർപ്പെടുത്തിയ നിയന്ത്രണം തുടരുകയാണ്. ഇതാണ് കുടക് ജില്ലാ ഭരണകൂടത്തെ പ്രകോപിച്ചത്. മഹാമാരിയുടെ തുടക്കത്തിൽ മാക്കൂട്ടംചുരം പാത കുടക് ഭരണകൂടം യാതൊരു മുന്നറിയിപ്പും ഇല്ലാതെ മണ്ണിട്ട് അടച്ചിരുന്നു. ഇതിനു പ്രതികാരമെന്നോണം കണ്ണൂർ ജില്ലാ ഭരണകൂടം കർണാടകത്തിൽ നിന്നും കേരളത്തിലേക്ക് വരുന്ന യാത്രക്കാരെ തടയുന്നുവെന്നാണ് കുടക് അധികൃതരുടെ ആരോപണം.
കർണ്ണാടക യാത്ര സുഗമമാക്കുന്നതിന്റെ ഭാഗമായി മാക്കൂട്ടത്തും പെരുമ്പാടിയിലും ചെക്ക് പോസ്റ്റുകളിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളും ഇതോടൊപ്പം കുടക് ഭരണകൂടം പൂർണമായി നീക്കി. കർണ്ണാടകം ചുരം പാത തുറന്ന ഉടനെ കേരളം കൂട്ടുപുഴയിൽ പൊലീസ് ചെക്ക് പോസ്റ്റും കിളിയന്തറയിൽ ആരോഗ്യ വകുപ്പിന്റെ പരിശോധനാ സംവിധാനങ്ങളും ഏർപ്പെടുത്തി. അൺലോക്ക് 4 ഇളവുകളിൽ അന്തർ സംസ്ഥാന യാത്രയ്ക്കുള്ള എല്ലാ നിയന്ത്രണങ്ങളും നീക്കിയിട്ടും കൂട്ടുപുഴയിലും കിളിയന്തറയിലും തുടരുന്ന ശക്തമായ പരിശോധനയും പാസില്ലാതെ വരുന്നവരെ മണിക്കൂറുകളോളം തടഞ്ഞു വയ്ക്കുന്നതുമാണ് കുടക് ഭരണകൂടത്തെ പ്രകോപിപ്പിച്ചിരിക്കുന്നത്.
കേരളം നിബന്ധന മാറ്റിയില്ലെന്ന് കുടക്
കേരളത്തിലേക്ക് പ്രവേശിക്കുന്നവർ കൊവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യണമെന്ന നിബന്ധന കേരളം പിൻവലിച്ചിട്ടില്ലെന്നാണ് കുടക് അധികൃതർ ചൂണ്ടിക്കാട്ടുന്നത്. മുത്തങ്ങ വഴി രജിസ്റ്റർ ചെയ്തവർ ചുരം പാത വഴി വരുമ്പോഴും തടയുകയാണെന്ന ആരോപണം നിലനിൽക്കെയാണ് കുടക് ജില്ലാ ഭരണകൂടം കടുത്ത നിലപാടുമായി രംഗത്തുള്ളത്. ബംഗളൂരു, മൈസൂരു ഭാഗങ്ങളിൽ നിന്നും ചുരം പാത വഴി വരുന്ന ചരക്ക് വാഹനങ്ങൾ യഥേഷ്ടം കടന്നു വരുമ്പോൾ യാത്രാ വാഹനങ്ങൾക്ക് മാത്രം നിയന്ത്രണം തുടരുന്നത് അംഗീകരിക്കില്ലെന്നാണ് കുടക് ജില്ലാ അധികൃതരുടെ വാദം.
എതിർപ്പുമായി വ്യാപാരികളും
കുടകിൽ നിന്നും വരുന്നവർക്ക് കിളിയന്തറയിൽ ആന്റിജൻ ടെസ്റ്റ് നടത്തി കൊവിഡ് ഇല്ലെന്ന സർട്ടിഫിക്കറ്റ് നൽകിയാലും 14 ദിവസം നിരീക്ഷണത്തിൽ കഴിയണമെന്ന നിർദ്ദേശം പ്രതികൂലമായി ബാധിക്കുന്നതായി വ്യാപാരി സംഘടനകളും പറയുന്നു. കർണാടകയുമായി അതിർത്തി പങ്കിടുന്ന കാസർകോടും വയനാടും സ്വീകരിക്കുന്ന നയം കണ്ണൂരും സ്വീകരിക്കണമെന്ന് ഇവർ പറയുന്നു.