കാസർകോട്: കൊവിഡ് വ്യാപനത്തിന്റെ ഒന്നും രണ്ടും ഘട്ടങ്ങളെ രാജ്യത്തിനുതന്നെ മാതൃകയാകുന്ന തരത്തിൽ അതിജീവിച്ച കാസർകോട്, വീട്ടിൽ ചികിത്സാസൗകര്യമൊരുക്കി കേരളത്തിന് വഴി തെളിക്കുന്നു. ആയിരം കൊവിഡ് രോഗികളെയാണ് നിലവിൽ വീടുകളിൽ ചികിത്സിക്കുന്നത്.
കൊവിഡ് വ്യാപനം അതിതീവ്രമായി തുടരുകയും പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളിൽ രോഗികളുടെ എണ്ണം വർദ്ധിച്ചു വരികയും ചെയ്ത സാഹചര്യത്തിലാണ് രോഗലക്ഷണങ്ങളോ മറ്റു ബുദ്ധിമുട്ടുകളോ ഇല്ലാത്ത രോഗബാധിതർക്ക് വീടുകളിൽ ചികിത്സ നൽകാൻ സർക്കാർ തീരുമാനിച്ചത്. ഈ തീരുമാനം ആദ്യമായി നടപ്പിലാക്കിയത് കാസർകോട്ടാണ്.
അജാനൂർ, ചെമ്മനാട്, പള്ളിക്കര ഗ്രാമ പഞ്ചായത്തുകൾ, കാഞ്ഞങ്ങാട്നീലേശ്വരം നഗരസഭകൾ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ രോഗികൾ ഇപ്പോൾ വീടുകളിൽ ചികിത്സയിലുള്ളത്.
ലക്ഷണമില്ലാത്ത രോഗികളെ വീട്ടിൽ കിടത്തി ചികിത്സിക്കുകയെന്ന ദൗത്യം സംസ്ഥാനത്ത് ആദ്യമായി ഏറ്റെടുക്കാനുള്ള ആത്മവിശ്വാസവും ധൈര്യവും ഉണ്ടായത് കൊവിഡിനെതിരായ പോരാട്ടത്തിൽ കഴിഞ്ഞ ആറു മാസത്തിലധികമായി ലഭിക്കുന്ന ജനകീയ പിന്തുണ തന്നെയാണെന്ന് ആരോഗ്യപ്രവർത്തകർ പറയുന്നു.
വീടുകളിൽ ചികിത്സയിൽ 1006
രോഗവിമുക്തരായത് 311
കൃത്യമായ ആസൂത്രണം,
മികച്ച സഹകരണം
കൃത്യമായ ആസൂത്രണം നടത്തിയാണ് ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും ഈ പ്രവർത്തനം ആരംഭിച്ചത്. ആരോഗ്യ സംവിധാനങ്ങളെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും വാർഡുതല ജാഗ്രത സമിതികളെയും കോർത്തിണക്കിയാണ് ഏകോപനം. കൊവിഡ് പോസിറ്റീവ് രോഗികളുടെ ലിസ്റ്റ് അതത് ആരോഗ്യ സ്ഥാപനങ്ങൾക്ക് കൈമാറുന്നതോടെയാണ് തുടക്കം. ലക്ഷണങ്ങൾ ഇല്ലാത്തവരാണെങ്കിൽ വീടുകളിൽ ഐസൊലേഷൻ സൗകര്യം ഉണ്ടെന്ന് ജാഗ്രതാസമിതികൾ ഉറപ്പുവരുത്തും. തുടർന്ന് ഡി എം ഒയുടെ അനുമതയോടെ വീടുകളിൽ ചികിത്സ തുടങ്ങും. ആരോഗ്യ പ്രവർത്തകർ എല്ലാദിവസവും ഇവരെ നിരീക്ഷിച്ച് മെഡിക്കൽ ഓഫീസർമാർക്ക് റിപ്പോർട്ട് നൽകും. ചികിത്സയിലുള്ളവരുടെ അന്വേഷണത്തിനു മാത്രമായി ജില്ലാ കൺട്രോൾ സെല്ലിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ അടങ്ങിയ ടീമിനെ നിയമിച്ചു. ജില്ലാ മാനസികാരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ കൗൺസിലിംഗും രോഗികൾക്ക് ലഭിക്കും. രക്തത്തിലെ ഓക്സിജൻ അളവ്, പൾസ് റേറ്റ് എന്നിവ സ്വയം നിരീക്ഷിക്കാൻ ആവശ്യമായ പൾസ് ഓക്സിമീറ്റർ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുഖാന്തരം നൽകുന്നുമുണ്ട്.
വീടുകളിൽ ചികിത്സയിലുള്ള രോഗികളുടെ കൃത്യമായ നിരീക്ഷണം ഉറപ്പു വരുത്തുവാനും ആയത് ജില്ലാ ഓഫീസിലേക്ക് റിപ്പോർട്ട് ചെയ്യുവാനും നല്ല ജാഗ്രത ജീവനക്കാർ കാണിക്കുന്നുണ്ട്. എല്ലാതലത്തിലുമുള്ള കൂട്ടായ്മയുടെ വിജയമാണിത്.
ഡോ. റിജിത്ത്കൃഷ്ണൻ (ജില്ലാ നോഡൽ ഓഫിസർ സി.എഫ്.എൽ.ടി.സി)