കാസർകോട്: കാസർകോട് നഗരസഭാ ഓഫീസിലെ ഉദ്യോഗസ്ഥർക്കും ക്ലീനിംഗ് ജീവനക്കാർക്കുമായി നടത്തിയ കൊവിഡ് പരിശോധനയിൽ 15 പേർക്ക് കൂടി പോസിറ്റീവ് സ്ഥിരീകരിച്ചതോടെ നഗരസഭാ കാര്യാലയം പത്തു ദിവസത്തേക്ക് അടച്ചിട്ടു. ഇതോടെ നഗരസഭാ കാര്യാലയവുമായി ബന്ധപ്പെട്ട് കൊവിഡ് പോസിറ്റീവായവരുടെ എണ്ണം 32 ആയി.
ഒന്നാം തീയതി നടത്തിയ പരിശോധനയിലാണ് 15 പേർക്ക് പോസിറ്റീവായത്. ഇതിൽ 8 പേർ നഗരസഭാ ജീവനക്കാരും ഏഴ് പേർ ക്ലീനിംഗ് സ്റ്റാഫുമാണ്. ആരോഗ്യ വിഭാഗത്തിലെ ഒരു ഉദ്യോഗസ്ഥനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥർക്ക് കൂട്ടത്തോടെ കൊവിഡ് ബാധ കണ്ടെത്തിയതോടെയാണ് നഗരസഭാകാര്യലയം അടച്ചിടാൻ തീരുമാനിച്ചത്. ഓണാവധി കഴിഞ്ഞ് നഗരസഭാ കാര്യാലയം ഇന്ന് തുറക്കേണ്ടതായിരുന്നു. ഇതിനിടയിലാണ് ഉദ്യോഗസ്ഥർക്കും ശുചീകരണം ജീവനക്കാർക്കും അടക്കം കൂട്ടത്തോടെ കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ നടന്ന പരിശോധനയിലും പലർക്കും രോഗ ബാധ കണ്ടെത്തിയിട്ടുണ്ടെന്നാണ് അറിയുന്നത്. ഉദ്യോഗസ്ഥർ ക്വാറന്റൈനിൽ പ്രവേശിച്ചതിനാൽ 14 വരെ കാര്യാലയം അടച്ചിടാനാണ് ഇപ്പോൾ തീരുമാനിച്ചിട്ടുള്ളതെന്നും വിശദമായ വിവരം പൊതുജനങ്ങളെ പിന്നീട് അറിയിക്കുമെന്നും ബന്ധപ്പെട്ടവർ പറഞ്ഞു.