വൈക്കം: വൈക്കത്തപ്പന്റെ മണ്ണിൽ നിന്ന് ആദ്യമായി ശബരിമല പമ്പാക്ഷേത്രം മേൽശാന്തിയായി തെരഞ്ഞെടുക്കപ്പെട്ട തലയാഴം വരില്ലത്ത് മഠത്തിൽ സരേഷ് ആർ. പോറ്റിക്ക് ഇത് കാലം കരുതിവച്ച നിയോഗം. ശബരിമല ശാസ്താവിന് പാദപൂജ ചെയ്യാൻ ഏറ്റവും അധികം മേൽശാന്തിമാരായി തെരഞ്ഞെടുക്കാൻ ഭാഗ്യം കിട്ടിയ വൈക്കത്തെ മണ്ണിൽ നിന്നാണ് പമ്പാമേൽശാന്തിയാകാനുള്ള ഭാഗ്യവും . 2021 ൽ മകരവിളക്ക് ദിവസം പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിയിക്കുവാനുള്ള അവസരവും സരേഷ് പോറ്റിക്ക് കൈവരും.
പമ്പാക്ഷേത്രം മേൽശാന്തിയായി 36 പേരുടെ അപേക്ഷകളാണ് ഉണ്ടായത്. അതിൽ നിന്ന് ഇന്റർവ്യൂ വഴി തെരഞ്ഞെടുക്കപ്പെട്ട ആറ് പേരിൽ നിന്നാണ് സരേഷ് ആർ. പോറ്റിയുടെ നിയോഗം. ശബരിമലയിൽ ഒരുവട്ടം കീഴ്ശാന്തിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിലവിൽ തലയാഴം തൃപ്പക്കുടം മഹാദേവ ക്ഷേത്രത്തിലെ കീഴ്ശാന്തിയാണ്. വരില്ലത്ത് മഠത്തിൽ രാമൻപോറ്റി - ഇന്ദിര അമ്മാൾ ദമ്പതികളുടെ മകനാണ്. ഭാര്യ; അനിത സരേഷ്. മക്കൾ; പൂർണശ്രീ, ഭാഗ്യശ്രീ, പൂർണേന്ദു.