ഏതൻസ്: ഫ്രാൻസിൽ നിന്നും 18 റാഫേൽ വിമാനങ്ങൾ വാങ്ങാൻ ഗ്രീസ് കരാറിലെത്തിയെന്ന് റിപ്പോർട്ടുകൾ. കുറഞ്ഞ വിലയ്ക്കാണ് കരാർ എന്നാണ് സൂചനകൾ. ഇതിൽ എട്ട് റാഫേൽ വിമാനങ്ങൾ ഗ്രീസിന് സംഭാവനയായി ഫ്രാൻസ് നൽകുമെന്ന് ഗ്രീസ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത.
കരാറിൽ എത്തിയ 10 എണ്ണം മാത്രമേ ഫ്രാൻസിൽ നിന്നും പുതിയ റാഫേലായി ഗ്രീസ് വാങ്ങുകയുള്ളൂ. ബാക്കി എട്ടെണ്ണം ഫ്രഞ്ച് വ്യോമസേന ഗ്രീസ് വ്യോമസേനയ്ക്ക് സംഭാവനയായി നൽകും. ഇത് ഗ്രീസിന് ഉപയോഗിക്കാം. ഈ കൈമാറ്റം വേഗം നടക്കുമെന്നാണ് സൂചന. നിലവിൽ ഗ്രീസ് വ്യോമസേനയിൽ മൂന്നാം തലമുറ എഫ് 4 ഇ ഫാന്റമാണ് പ്രധാന ഫൈറ്റർ വിമാനങ്ങൾ. ഇതിന് പുറമേ എഫ് 16, മിറാഷ് 2000 പോർ വിമാനങ്ങൾ ഇപ്പോൾ ഗ്രീസിന് സ്വന്തമായുണ്ട്. അഞ്ചാം തലമുറ യുദ്ധ വിമാനങ്ങൾ വാങ്ങാനുള്ള പദ്ധതിയുടെ ഭാഗമാണ് പുതിയ കരാർ. കരാർ സർക്കാർ തലത്തിൽ അന്തിമഘട്ടത്തിലാണോ, എത്ര തുകയ്ക്കാണ് കരാർ എന്നത് സംബന്ധിച്ചുള്ള വിവരങ്ങൾ വ്യക്തമല്ല.