കോന്നി : ഒ.പി പ്രവർത്തനം തുടങ്ങാൻ ഒരുങ്ങുന്ന കോന്നി സർക്കാർ മെഡിക്കൽ കോളേജിൽ ഫർണിച്ചറുകൾ എത്തിത്തുടങ്ങി.സിഡ്കോയാണ് ഫർണിച്ചറുകൾ എത്തിച്ചു നല്കുന്നത്.
റാക്ക്, ഹോസ്പിറ്റൽ കോട്ട് ബഡ്, ബഡ് സൈഡ് ലോക്കർ ,അലമാര, വാട്ടർ ബിൻ, ഇൻസ്ട്രുമെന്റ് ട്രോളി, വീൽ ചെയർ, വേസ്റ്റ് ബിൻ, പേഷ്യന്റ് സ്റ്റൂൾ തുടങ്ങിയവയാണ് എത്തിച്ചത്. ബാക്കിയുള്ള ഉപകരണങ്ങളും തുടർന്നുള്ള ദിവസങ്ങളിൽ എത്തിക്കും. ഒ.പി ഉദ്ഘാടനത്തിനു മുമ്പ് ആവശ്യമായ എല്ലാ സാധനങ്ങളും എത്തിച്ച് സജ്ജീകരിക്കാനുള്ള പ്രവർത്തമാണ് നടന്നു വരുന്നത്.
കെ.യു.ജനീഷ് കുമാർ എം.എൽ.എയുടെ ഫണ്ടിൽ നിന്നും മെഡിക്കൽ കോളേജിനായി അനുവദിച്ച ഒരു കോടി രൂപയിൽ 7369306 രൂപയുടെ ഉപകരണങ്ങൾ വാങ്ങാൻ ജില്ലാ കളക്ടർ ഭരണാനുമതി നല്കിയിട്ടുണ്ട്. എക്സ് റേ മെഷീൻ, ഓട്ടോമാറ്റിക്ക് ക്ലിനിക്കൽ കെമിസ്ട്രി അനലൈസർ, ഹീമറ്റോളജി അനലൈസർ, ഫാർമസിക്കുള്ള റഫ്രിജറേറ്റർ, ഇ.സി.ജി. മെഷീൻ, അൾട്രാസൗണ്ട് സ്കാനർ, ഇലക്ട്രിക്കലായി ഓപ്പറേറ്റ് ചെയ്യുന്ന ഡെൻറൽ ചെയർ ഉൾപ്പടെയുള്ള ഉപകരണങ്ങൾ എം.എൽ.എ ഫണ്ടിൽ നിന്നും ലഭ്യമാകും. മെഡിക്കൽ കോളേജ് ഉദ്ഘാടനത്തിനായുള്ള പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണെന്നും തീയതി ഉടൻ തന്നെ തീരുമാനമാകുമെന്നും കെ.യു.ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു.