# ലോറി ഉടമയ്ക്കായി അന്വേഷണസംഘം തൃശൂരിലേക്ക്
ആലുവ: ആലുവയിൽ 35 കിലോ കഞ്ചാവുമായി കഴിഞ്ഞദിവസം എക്സൈസിന്റെ പിടിയിലായ മൂന്നംഗസംഘം അന്തർസംസ്ഥാന കഞ്ചാവ് മാഫിയയിലെ മുഖ്യകണ്ണികൾ. രണ്ടുപേർ നേരത്തെ പത്തുകിലോ കഞ്ചാവുമായി പാലക്കാട് പൊലീസിന്റെ പിടിയിലായവരാണ്. ജാമ്യത്തിലിറങ്ങിയ ശേഷമാണ് വീണ്ടും കഞ്ചാവ് കച്ചവടത്തിനിറങ്ങിയത്. ഒരാൾ കള്ളനോട്ട് കേസിലും പ്രതിയാണ്. അതിനിടെ കഞ്ചാവ് കടത്തിയ ലോറിയുടെ ഉടമയെത്തേടി എക്സൈസ് തൃശൂരിലേക്ക് അന്വേഷണം വ്യാപിപ്പിച്ചു.
കോഴിക്കോട് രാമനാട്ടുകര ജലീൽസ് വീട്ടിൽ കെ.ആർ. ഹക്കീം (23), പട്ടാമ്പി വല്ലപ്പുഴ പുളിക്കൽ അഹമ്മദ് കബീർ (32), ഷൊർണൂർ കണയംകരയിൽ വെട്ടിക്കാട്ടിൽ ജാഫർ അലി (33) എന്നിവരാണ് ചൊവ്വാഴ്ച രാത്രി ആലുവ അൻവർ ആശുപത്രിക്ക് സമീപത്തുനിന്ന് പിടിയിലായത്. ആന്ധ്രാപ്രദേശിലെ രാജമുദ്രിയിൽനിന്ന് വാങ്ങിയ കഞ്ചാവ് എറണാകുളത്തുള്ള ഇടപാടുകാരന് നൽകാൻ കൊണ്ടുവന്നതാണ്. കഞ്ചാവ് കടത്തിയ നാഷണൽ പെർമിറ്റ് ലോറിയും പിടിച്ചെടുത്തു. ലോറിയുടെ കാബിനിൽ ചാക്കുകളിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഇതിനുമുമ്പും സംഘം ലോറിയിൽ കഞ്ചാവ് കടത്തിയിട്ടുണ്ട്. ലോറി ഉടമ തൃശൂർ ചേലക്കര സ്വദേശി ഷമീർ ബാബുവാണ് കഞ്ചാവ് വാങ്ങാൻ ഇവർക്ക് ഒന്നേകാൽ ലക്ഷം രൂപ നൽകിയതെന്ന് എക്സൈസ് പറഞ്ഞു. ഇയാൾ ഒളിവിലാണ്.
ആന്ധ്രയിൽനിന്ന് ആറുലക്ഷം രൂപയ്ക്ക് വാങ്ങിയ കഞ്ചാവ് 28 ലക്ഷം രൂപയ്ക്കാണ് കൊച്ചിയിലെത്തിക്കുന്നത്. കഞ്ചാവ് കടത്തുന്നതിന് മാത്രമാണ് ലോറി ഓടിയിരുന്നത്. ജാഫർ അലിയും അഹമ്മദ് കബീറും കഞ്ചാവുമായും ജാഫർ അലി കള്ളനോട്ട് കേസിലും പാലക്കാട് പൊലീസിന്റെ പിടിയിലായിരുന്നു. മൂവരും ജാമ്യത്തിൽ ഇറങ്ങിയ ശേഷമാണ് വീണ്ടും ലോറിയിൽ കഞ്ചാവ് കടത്താൻ ആരംഭിച്ചത്. മൂവരെയും ആലുവ കോടതി റിമാൻഡ് ചെയ്തു.
ഓണം സ്പെഷ്യൽ ഡ്രൈവ്
ഓണത്തോടനുബന്ധിച്ച് എക്സൈസ് നടത്തിയ സ്പെഷ്യൽ ഡ്രൈവിലാണ് കഞ്ചാവ് മാഫിയ കുടുങ്ങിയത്.
എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ അശോക്കുമാറിന്റെയും എൻഫോഴ്സ്മെന്റ് അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർ ശശികുമാറിന്റെയും നിർദേശാനുസരണം ആലുവ എക്സൈസ് സർക്കിൾ ടീമാണ് കഞ്ചാവ് ലോറി പിടികൂടിയത്. ഇൻസ്പെക്ടർ സോജൻ സെബാസ്റ്റ്യൻ, പ്രിവന്റീവ് ഓഫീസർമാരായ സി.ബി. രഞ്ജു, കെ.എച്ച്. അനിൽകുമാർ, പി.കെ. ഗോപി, സിവിൽ എക്സൈസ് ഓഫീസർമാരായ എം.എം. അരുൺകുമാർ, പി.എസ്. ബസന്ത്കുമാർ, പി.ജി. അനൂപ്, അഖിൽ, സജോ വർഗീസ് എന്നിവർ പരിശോധക സംഘത്തിലുണ്ടായിരുന്നു.