രക്ഷപ്പെട്ട രണ്ടുപേർക്കായി ലുക്ക്ഔട്ട് നോട്ടീസ്
പാരിപ്പള്ളി: പൊലീസിനെ ആക്രമിച്ച് രക്ഷപ്പെട്ട പോക്സോ കേസിലെ പ്രതികളിൽ ഒരാളെ പൊലീസ് സാഹസികമായി പിടികൂടി. പുലിക്കുഴി ചരുവിള പുത്തൻവീട്ടിൽ കുട്ടൻ എന്ന ജിത്തുവാണ് (20) പിടിയിലായത്. പ്രതികൾ ഒളിവിൽ കഴിഞ്ഞിരുന്ന കല്ലമ്പലം നെല്ലിക്കുന്ന് പാറമലയിൽ വച്ച് ഇന്നലെ രാത്രിയാണ് ഇയാളെ ബലപ്രയോഗത്തിലൂടെ പൊലീസ് കീഴടക്കിയത്. കൂട്ടുപ്രതികളായ ചരുവിള പുത്തൻവീട്ടിൽ മനു എസ്. കണ്ണൻ (28),സംഗീത് (20) എന്നിവർ ഒാടിരക്ഷപ്പെട്ടു.പുലിക്കുഴിയിൽ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിലെ പ്രതികളാണ് ഇവർ. കഴിഞ്ഞ ദിവസം പ്രതികളെ പരവൂരിൽ യക്ഷിക്കാവിൽ വച്ച് വളഞ്ഞെങ്കിലും പൊലീസിനെ ആക്രമിച്ച ശേഷം രക്ഷപ്പെട്ടു. തുടർന്ന് സൈബർ സെൽ, ഷാഡോ പൊലീസ് എന്നിവരുടെ നേതൃത്വത്തിൽ പാരിപ്പള്ളി എസ്.എച്ച്.ഒ രൂപേഷ് രാജ്, എസ്.ഐ നൗഫൽ, ഷാഡോ എസ്.ഐ ജയകുമാർ, എസ്.ഐ ഷാൻ, എ.എസ്.ഐമാരായ രമേശ്, നന്ദകുമാർ,സി.പി.ഒ അജു, ജയിൻ, ഷാഡോ പൊലീസുകാരായ ബൈജു, സീനു മനു, സജു എന്നിവരുടെ സംഘമാണ് പ്രതികളെ കുടുക്കിയത്.
പ്രതികൾ പോക്സോ കേസിലടക്കം നിരവധി കേസുകളിൽ പ്രതികളാണെന്നും രക്ഷപ്പെട്ടവർക്കായി ലുക്ക്ഒൗട്ട് നോട്ടീസ് പുറപ്പെടുവിച്ചതായും എസ്.ഐ നൗഫൽ പറഞ്ഞു.