അര നൂറ്റാണ്ടിനിടെ ഓണം റിലീസൊഴിഞ്ഞ കാലം
ആലപ്പുഴ: കടന്നു പോയത് തിയേറ്റർ റിലീസുകളില്ലാത്ത ഓണക്കാലം. കഴിഞ്ഞ അര നൂറ്റാണ്ടിനിടെ ഇതാദ്യമായാണ് പുതിയ സിനിമകൾ തിയേറ്ററുകളിലെത്താത്ത ഓണസീസൺ മലയാളി കാണുന്നത്.
മാർച്ച് 13 നാണ് സിനിമാശാലകൾ അടച്ചത്. ആറുമാസം പിന്നിടുമ്പോഴും സ്ഥിതിക്ക് മാറ്റമില്ല. ഒന്നോ രണ്ടോ മാസങ്ങൾ കൂടി ഇതേ നിലയിൽ പോയാൽ കേരളത്തിലെ തിയേറ്റർ വ്യവസായം പാടെ തകരുമെന്നും സാമ്പത്തിക ബാദ്ധ്യത താങ്ങാനാവില്ലെന്നുമാണ് തിയേറ്റർ ഉടമകൾ പറയുന്നത്. പ്രദർശനം നടത്തുന്നില്ലെങ്കിലും വൈദ്യുതി ചാർജ്, മെയിന്റനൻസ് ചാർജ്, തൊഴിലാളികൾക്കുള്ള കൂലി എന്നിങ്ങനെ ലക്ഷങ്ങളാണ് ചെലവാകുന്നത്. ജില്ലയിൽ ഭൂരിഭാഗവും എ.സി തിയേറ്ററുകളാണ്. ഇവ കൃത്യമായി പരിപാലിക്കേണ്ടതുണ്ട്. മൂന്നു ദിവസം കൂടുമ്പോഴെങ്കിലും തുറന്ന് വൃത്തിയാക്കണം. രണ്ടോ മൂന്നോ ദിവസം കൂടുമ്പോൾ പ്രദർശനം നടത്തി നോക്കണം. ഇതിനെല്ലാം തൊഴിലാളികളെ ആവശ്യമുണ്ട്.
തിയേറ്റുകൾക്ക് ഫിക്സഡ് വൈദ്യുതി ചാർജ്ജാണ് ഈടാക്കുന്നത്. ഹൈ ടെൻഷൻ വിഭാഗത്തിൽപ്പെട്ട തിയേറ്റുകൾക്ക് മാസം 70,000- 80,000 രൂപയാണ് വൈദ്യുതി ചാർജ്. ലോ ടെൻഷൻ വിഭാഗത്തിൽപ്പെട്ടവർക്ക് 16,000-25,000 രൂപയും. പ്രദർശനം ഇല്ലെങ്കിലും ഉണ്ടെങ്കിലും ഈ തുക അടയ്ക്കണം. സാധാരണ സമയത്ത് മാസം വന്നിരുന്ന ചെലവിന്റെ പകുതി തന്നെ ഇപ്പോഴും ഉണ്ടാകുന്നുണ്ട്. തിയേറ്ററുകൾ തുറക്കാൻ വൈകുന്നിടത്തോളം നഷ്ടക്കണക്ക് വർദ്ധിച്ചുകൊണ്ടേയിരിക്കും.
1957നു ശേഷം ഇതാദ്യം
ഓണത്തിന് ആറ് സിനിമകളാണ് റിലീസിന് ഒരുങ്ങിയിരുന്നത്. ചിത്രീകരണം പൂർത്തിയായതും പാതി നിലച്ചതുമായ അറുപതിലേറെ സിനിമകൾ കാത്തിരിക്കുന്നു. മലയാള സിനിമയിൽ ഓണം റിലീസ് തുടങ്ങിയത് 1951ലാണ്. 1957ൽ പുതിയ സിനിമ ഇല്ലാത്തതിനാൽ ഓണം റിലീസ് മുടങ്ങിയിരുന്നു. അതിനു ശേഷം ഇതാദ്യമായാണ് തിയേറ്റർ റിലീസ് ഇല്ലാത്ത ഓണം കടന്നുപോയത്.
......................
പുത്തൻ സിനിമകൾ റിലീസ് ചെയ്തത് ഓവർ ദി ടോപ് മീഡിയ (ഒ.ടി.ടി) പ്ലാറ്റ്ഫോമിലും ചാനലിലും
............................
തിയേറ്ററിലിരുന്ന് സിനിമ കാണുന്ന സുഖം മറ്റൊരു പ്ലാറ്റ്ഫോമിലും ലഭിക്കില്ല. പ്രതിമാസം നഷ്ടക്കണക്ക് വർദ്ധിക്കുകയാണ്. നിബന്ധനകളോടെയെങ്കിലും തിയേറ്ററുകൾ പ്രവർത്തിപ്പിക്കാൻ അനുമതി നൽകണമെന്നാണ് അപേക്ഷ
തിയേറ്റർ ഉടമകൾ