കാസർകോട്: യുവതിയെ പീഡിപ്പിച്ച ശേഷം നഗ്നദൃശ്യങ്ങൾ മൊബൈൽ കാമറയിൽ പകർത്തിയെന്ന പരാതിയിൽ ഭർത്താവിന്റെ സുഹൃത്തുൾപ്പെടെ അഞ്ചുപേർക്കെതിരെ ബേക്കൽ പൊലീസ് കേസെടുത്തു. ഉദുമയുടെ സമീപ പ്രദേശത്ത് താമസിക്കുന്ന ഇരുപത്തഞ്ചുകാരിയുടെ പരാതിയിൽ സുഹൈൽ, അബ്ദുൽറഹ്മാൻ, മുനീർ, ആസിഫ്, അഷ്രഫ് എന്നിവർക്കെതിരെയാണ് ബേക്കൽ പൊലീസ് കേസെടുത്തത്.
പീഡനം സംബന്ധിച്ച് യുവതി വെവ്വേറെ പരാതികൾ നൽകിയതിനാൽ അഞ്ചുകേസുകളാണ് രജിസ്റ്റർ ചെയ്തത്. 2016 മാർച്ച് 23 മുതൽ മാസങ്ങളോളം ഭർത്താവിന്റെ സുഹൃത്തടക്കമുള്ളവർ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നത്. മാർച്ച് 23ന് പുലർച്ചെ 1.30 മണിയോടെ ഭർതൃസുഹൃത്ത് യുവതിയുടെ വീട്ടിലെത്തുകയും ലൈംഗികപീഡനത്തിനിരയാക്കുകയുമായിരുന്നു. ഈ രംഗങ്ങൾ ഇയാൾ മൊബൈൽ കാമറയിൽ പകർത്തുകയും തന്റെ സുഹൃത്തുക്കളെ കാണിക്കുകയും ചെയ്തു. തുടർന്ന് മറ്റുള്ളവരും യുവതിയെ ഭീഷണിപ്പെടുത്തി പല തവണകളായി പീഡിപ്പിച്ചു. നിരന്തരമായ ലൈംഗികപീഡനങ്ങൾ കാരണം തളർന്ന യുവതി തന്നെ ഉപദ്രവിക്കരുതെന്ന് അഭ്യർത്ഥിച്ചപ്പോൾ നഗ്നദൃശ്യങ്ങൾ ഗൾഫിലുള്ള ഭർത്താവിന് അയച്ചുകൊടുക്കുമെന്ന് പറഞ്ഞ് പീഡനം തുടർന്നു. എല്ലാവരുടെയും പേരെഴുതിവെച്ച് ആത്മഹത്യ ചെയ്യുമെന്ന് യുവതി അറിയിച്ചതോടെ സംഘം കുറച്ചുനാൾ പീഡനത്തിൽ നിന്ന് പിന്തിരിഞ്ഞിരുന്നു. പിന്നീട് വീണ്ടും സംഘം ഭീഷണിയുമായി രംഗത്തുവന്നു. ഭർത്താവ് നാട്ടിലെത്തിയതോടെ യുവതി വിവരം പറയുകയും പൊലീസിൽ പരാതി നൽകുകയുമായിരുന്നു.
കേസിൽ അന്വേഷണം നടക്കുകയാണെന്നും പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് പറഞ്ഞു. അതിനിടെ യുവതിയെ പീഡിപ്പിച്ച സംഘത്തിൽപെട്ട യുവാവിനെ ഭർത്താവിന്റെ നേതൃത്വത്തിലുള്ള സംഘം തട്ടിക്കൊണ്ടുപോയി കൈകാലുകൾ തല്ലിയൊടിച്ചെന്ന പരാതിയിലും പൊലീസ് അന്വേഷണം നടക്കുന്നുണ്ട്.