വടക്കാഞ്ചേരി: വടക്കാഞ്ചേരിയിലെ വിവാദ ലൈഫ് മിഷൻ ഫ്ളാറ്റ് നിർമ്മാണത്തിന് യൂണിടാക്കിനെ തിരഞ്ഞെടുത്തതിൽ സർക്കാരിന് പങ്കില്ലെന്ന മുഖ്യമന്ത്രിയുടെ വാദം പൊളിഞ്ഞതായി അനിൽ അക്കര എം.എൽ.എ. മുഖ്യമന്ത്രിയും മന്ത്രി എ.സി. മൊയ്തീനും അടങ്ങുന്ന ലൈഫ് മിഷൻ ഉന്നതാധികാര സമിതിയാണ് യൂണിടാക്കിനെ നിശ്ചയിച്ചതെന്ന് തെളിയിക്കുന്ന രേഖകൾ അദ്ദേഹം വാർത്താസമ്മേളനത്തിൽ പുറത്തുവിട്ടു.
റെഡ് ക്രസന്റ് പണം ചെലവഴിച്ച് നിർമ്മിച്ചു നൽകുന്നതാണ് ഫ്ലാറ്റെന്നാണ് സർക്കാർ അവകാശവാദം. എന്നാൽ കഴിഞ്ഞ വർഷം ആഗസ്റ്റ് 24ന് ലൈഫ് മിഷൻ സി.ഇ.ഒ: യു.വി. ജോസ് റെഡ് ക്രസന്റ് ജനറൽ സെക്രട്ടറിക്ക് അയച്ച കത്ത് ഈ വാദങ്ങളെല്ലാം പൊളിക്കുന്നു. യൂണിടാക്കിന്റെ പ്ലാൻ ലൈഫ് മിഷൻ അംഗീകരിച്ചതായി കത്തിൽ വ്യക്തമാക്കുന്നുവെന്നും അനിൽ അക്കര പറഞ്ഞു.