തിരുവനന്തപുരം: മദ്യത്തോടുള്ള മലയാളിയുടെ ഇഷ്ടത്തെ കൊവിഡിനും തോൽപ്പിക്കാനാവില്ലെന്ന് ഓണക്കച്ചവടം തെളിയിച്ചു. 520 കോടിയുടെ മദ്യമാണ് സംസ്ഥാനത്ത് ഉത്രാടം വരെയുള്ള എട്ട് ദിവസത്തെ മദ്യ വിൽപ്പന. കഴിഞ്ഞ വർഷത്തെ 487 കോടിയെക്കാൾ 33 കോടിയുടെ വർദ്ധന.
ഉത്രാട നാളിൽ ഇരിങ്ങാലക്കുടയിലെ ഔട്ട് ലെറ്റാണ് വിൽപ്പനയിൽ ഒന്നാമത് -60 ലക്ഷം. തിരുവനന്തപുരം പവർ ഹൗസ് റോഡിലെ ഔട്ട് ലെറ്റിന് രണ്ടാം സ്ഥാനം -50 ലക്ഷം. രണ്ടിടത്തും കഴിഞ്ഞവർഷത്തേക്കാൾ വിൽപ്പന കുറഞ്ഞു. ഇരിങ്ങാലക്കുടയിൽ ഒരു കോടിയും പവർ ഹൗസിൽ 92.93 ലക്ഷവുമായിരുന്നു കഴിഞ്ഞ വർഷം വിറ്റത്. ബിവേറേജസിന്റെ എല്ലാ ഔട്ട്ലെറ്റുകളിലും ഇതാണ് സ്ഥിതി. അതേസമയം വെയർഹൗസ് വഴി മൊത്തം 520 കോടിയുടെ മദ്യം വിറ്റഴിച്ചു. ബിവേറേജസിനെക്കാൾ കൂടുതൽ മദ്യം ബാറുകളിൽ വിറ്റഴിച്ചു. എങ്കിലും കോർപ്പറേഷന് വരുമാനക്കുതിപ്പാണ്. തിരുവോണത്തിന് രണ്ട് ദിവസം മുമ്പ് ബെവ്കോയുടെ ആപ്പിൽ ഇളവ് വരുത്തിയ ശേഷമാണ് ഔട്ട് ലെറ്റുകളിൽ വിൽപ്പന കൂടിയത്. മദ്യവിലയിൽ വരുത്തിയ 30 ശതമാനം വർദ്ധനയാണ് വരുമാനം കൂടാൻ കാരണമെന്ന് ബെവ്കോ മാനേജിംഗ് ഡയറക്ടർ സ്പർജൻകുമാർ പറഞ്ഞു.
2016ൽ 410 കോടിയുടേതായിരുന്നു മദ്യ വിൽപ്പന. 2017ൽ 440 കോടിയും 2018 ൽ 516 കോടിയും. ഇതിന് മുമ്പ് കൂടുതൽ കച്ചവടം നടന്ന 2018 ൽ പ്രളയത്തിനുശേഷമുളള ഓണം. ഇത് കൊവിഡ്കാല ഓണം.