കൊല്ലം: കൊലപാതക രാഷ്ട്രീയം കോൺഗ്രസിന് വശമില്ലെന്നും വെഞ്ഞാറമൂട് സംഭവത്തിൽ പ്രതികളെ സംരക്ഷിക്കാൻ കോൺഗ്രസ് ഉണ്ടാകില്ലെന്നും ഉമ്മൻചാണ്ടി പറഞ്ഞു. കോൺഗ്രസ് ഓഫീസുകൾ വ്യാപകമായി തകർത്തതിൽ പ്രതിഷേധിച്ച് ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ ചിന്നക്കടയിൽ നടത്തിയ എട്ടുമണിക്കൂർ ഉപവാസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പൊതുജനങ്ങൾ ഗൗരവമായി ചർച്ചചെയ്യുന്ന വിഷയങ്ങൾ മറയ്ക്കാനാണ് സി.പി.എം അക്രമം അഴിച്ചുവിടുന്നത്. കോൺഗ്രസിന്റെ കൊടിമരങ്ങളും 150 ലേറെ പാർട്ടി ഓഫീസുകളും തകർത്ത സി.പി.എമ്മിനോട് കാലം കണക്ക് ചോദിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സമാപന സമ്മേളനം കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഡി.സി.സി വൈസ് പ്രസിഡന്റ് എസ്. വിപിനചന്ദ്രൻ അദ്ധ്യക്ഷനായി. എം.പിമാരായ രാജ്മോഹൻ ഉണ്ണിത്താൻ, എൻ.കെ. പ്രേമചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.