മൂൺ ആർട്ട് ഗാലറിയിൽ മലയാളിയുടെ സൃഷ്ടിയും
തിരുവനന്തപുരം: അന്താരാഷ്ട്ര പ്രശസ്തയായ മലയാളി ചിത്രകാരിയും ശില്പിയുമായ ലക്ഷ്മി മോഹനബാബുവിന്റെ സൃഷ്ടി ഇനി ചന്ദ്രനിലും ശോഭിക്കും. ഭൂമിക്ക് പുറത്ത് സ്ഥാപിക്കുന്ന ആദ്യ മനുഷ്യ നിർമ്മിത ആർട്ട് ഗ്യാലറിയിൽ ലോകപ്രശസ്തരായ നൂറു പേരുടെ നൂറ് സൃഷ്ടികളുണ്ടാവും. അതിലൊന്ന് ലക്ഷ്മിയുടേതാണ്.
മനുഷ്യൻ ചന്ദ്രനിൽ കാലുകുത്തിയതിന്റെ അൻപതാം വാർഷികത്തോടനുബന്ധിച്ച് യൂറോപ്യൻ സ്പെയ്സ് ഏജൻസിയാണ് ചന്ദ്രന്റെ മണ്ണിൽ സ്ഥിരമായി ആർട്ട് ഗ്യാലറി നിർമ്മിക്കാൻ തീരുമാനിച്ചത്. 2022ൽ യൂറോപ്യൻ സ്പെയ്സ് ഏജൻസി അയയ്ക്കുന്ന ചന്ദ്രപേടകത്തിലെ ലാൻഡറിന്റെ പുറത്താണ് ആർട്ട് ഗ്യാലറി നിർമ്മിക്കുന്നത്. അത് ചന്ദ്രോപരിതലത്തിൽ ഇറക്കിവയ്ക്കും. അവിടെ ഉറച്ചിരിക്കുന്ന ഗ്യാലറി യുഗങ്ങളോളം തുടരും.
ഇന്ത്യൻ തത്വചിന്തയിൽ നിന്ന് ഉടലെടുത്ത " ഇന്ററാക്ടീവ് സീരിസിലെ ക്യൂബ് " ആണ് ചന്ദ്രനിലെ പ്രദർശനത്തിന് തിരഞ്ഞെടുത്തത്. അനന്തമായി നീളുന്ന പുനർജന്മങ്ങൾ, സംഖ്യകൾ, രേഖകൾ, സമയം എന്നിവയെ അടിസ്ഥാനമാക്കിയുള്ള രചന. ലക്ഷ്മിയുടേത് ആഗോള ആശയവിനിമയ സങ്കല്പത്തെ അടിസ്ഥാനമാക്കിയുള്ള സൃഷ്ടിയായതിനാലാണ് മൂൺ ഗ്യാലറിയിൽ ഉൾപ്പെടുത്തിയത്.
മൂൺ ഗ്യാലറി ക്യുറേറ്റർ അന്ന സിത്‌നിക്കോവ രൂപകല്പന ചെയ്തതാണ് ആർട്ട് ഗാലറി. ആറു മാസം മുമ്പാണ് അന്ന ബന്ധപ്പെട്ടതെന്ന് ലക്ഷ്മി പറഞ്ഞു. ലക്ഷ്മിയുടെ ഇന്ററാക്ടീവ് സീരിസ് മൊസൈക്ക് അനിമേഷൻ സിംഗപ്പൂരിൽ പ്രദർശിപ്പിച്ചുവരികയാണ്. ലോകത്തെ ഏറ്റവും വലിയ ചുമർ കലാസൃഷ്ടിയാണിത്.
ജനനം തിരുവനന്തപുരത്ത്
സ്വാതന്ത്ര്യസമര സേനാനിയും എഴുത്തുകാരനും കെ.പി.സി.സി മുൻ പ്രസിഡന്റുമായിരുന്ന എ.പി. ഉദയഭാനുവിന്റെ കൊച്ചുമകളായ ലക്ഷ്മി ജനിച്ചത് തിരുവനന്തപുരത്താണ്. മുൻ രാജ്യസഭാംഗം ഭാരതി ഉദയഭാനുവാണ് മുത്തശ്ശി. ഉദയഭാനുവിന്റെ മകൾ ആശാലതയുടെയും മുൻ യു.എൻ സാങ്കേതിക ഉപദേഷ്ടാവ് മോഹനബാബുവിന്റെയും മകൾ. മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ആർക്കിടെക്ചർ എൻജിനിയറിംഗിലും ഡൽഹിയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഫാഷൻ ടെക്നോളജിയിലും ബിരുദം നേടി. സിംഗപ്പൂരിൽ സ്ഥിരതാമസമാക്കിയ ലക്ഷ്മി അറിയപ്പെടുന്ന ജുവലറി ഡിസൈനറും ആർക്കിടെക്‌ടുമാണ്. ഗുർതാജ് പദ്ദയാണ് ഭർത്താവ്. ലക്ഷ്മി എല്ലാവർഷവും നാട്ടിലെത്താറുണ്ട്. മൂന്ന് വർഷം മുമ്പ് മട്ടാഞ്ചേരിയിൽ കലാപ്രദർശനവും നടത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |