ന്യൂഡൽഹി: കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ രൂപീകരിക്കപ്പെട്ട പി.എം.കെയേഴ്സ് ഫണ്ടിലേക്ക് പ്രഥമ സംഭാവന നൽകിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വെളിപ്പെടുത്തി. 2.25 ലക്ഷം രൂപയാണ് സ്വന്തം അക്കൗണ്ടിൽ നിന്ന് മോദി നൽകിയത്. സംഭാവന നൽകുന്നതിൽ അതീവ തത്പരനായ മോദി പെൺകുട്ടികളുടെ വിദ്യാഭ്യാസം, ഗംഗാനദീ ശുചീകരണം തുടങ്ങി നിരവധി പൊതുകാര്യങ്ങൾക്കായി ഇതിനകം 103 കോടിയോളം നൽകി കഴിഞ്ഞതായും ഉദ്യോഗസ്ഥർ പറയുന്നു. പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ ഫണ്ട് നിലവിലുള്ളപ്പോൾ സമാനരീതിയിൽ മറ്റൊരു ഫണ്ടിന്റെ ആവശ്യകതയെന്തെന്ന് കോൺഗ്രസ് വിമർശിക്കുന്നതിനിടെയാണ് ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തൽ.
വിദേശ സംഭാവന നിയന്ത്രണ നിയമത്തിന്റെ പരിധിക്ക് പുറത്താണ് പി.എം.കെയേഴ്സ് ഫണ്ടെന്നതിനാൽ വിദേശ രാജ്യങ്ങളിൽ നിന്നുളള വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും സംഭാവന സ്വീകരിക്കാനാകും. കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന് പി.എം. കെയേഴ്സ് ഫണ്ട് ഓഡിറ്റ് ചെയ്യാനാവില്ല. വിവരാവകാശ നിയമവും ബാധകമല്ല.
മോദിജിയുടെ പ്രധാന സംഭാവനകൾ
കുംഭമേളയിലെ ശുചീകരണ തൊഴിലാളി ക്ഷേമപ്രവർത്തനത്തിന് 21 ലക്ഷം.
ഗംഗാനദി ശുചീകരണത്തിന് ദക്ഷിണ കൊറിയയിൽ നിന്ന് ലഭിച്ച സിയോൾ സമാധാന പുരസ്കാരത്തുകയായ 1.3 കോടി.
നദീശുചീകരണ ദൗത്യത്തിനായി മൊമെന്റോകൾ ലേലം ചെയ്ത് സമാഹരിച്ച 3.40 കോടി.
നമാമെ ഗംഗ മിഷനായി 2015 ൽ പ്രധാനമന്ത്രിക്ക് ലഭിച്ച സമ്മാനങ്ങൾ ലേലം ചെയ്ത് സമാഹരിച്ച 8.35 കോടി.