*കേരളകൗമുദി ചൂണ്ടിക്കാട്ടിയത് യാഥാർത്ഥ്യമാക്കിയ കണ്ടെത്തൽ
*വിശദമായ അന്വേഷണത്തിന് ഉത്തരവ്.
തിരുവനന്തപുരം: ചുരുക്കം ചില കടകളിലെ ഇ-പോസ് മെഷീനിലെ നെറ്റ് വർക്ക് തകരാർ പെരുപ്പിച്ച് കാട്ടി നേരിട്ട് വിൽപ്പനയ്ക്കുള്ള അനുവാദം നേടിയെടുത്ത റേഷൻ കടയുടമകൾ,
ഓണാവധി ദിവസങ്ങളിൽപ്പോലും റേഷൻ സാധനങ്ങൾ വൻതോതിൽ കരിഞ്ചന്തയിലേക്ക് കടത്തിയതായി സിവിൽ സപ്ളൈസ് വകുപ്പ് കണ്ടെത്തി.,വിശദമായ അന്വേഷണത്തിന് സിവിൽ സപ്ളൈസ് ഡയറക്ടർ ഉത്തരവിട്ടു.
സൗജന്യ ഓണക്കിറ്റ്, ഓണം സ്പെഷ്യൽ റേഷൻ വിതരണം തുടങ്ങിയപ്പോൾത്തന്നെ റേഷൻ കടകളിലെ ഇ- പോസ് മെഷീനുകൾ തകരാറിലാകുന്നുവെന്ന പരാതി ശക്തമായി ചില കേന്ദ്രങ്ങൾ പ്രചരിപ്പിച്ചു..ഇതിന് പിന്നിൽ റേഷൻ വെട്ടിപ്പിനുള്ള ഗൂഢനീക്കമുണ്ടെന്ന് ആഗസ്റ്റ് 14ന് കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു.
ഓണത്തിന് റേഷൻ വിതരണം മുടങ്ങാതിരിക്കാനാണ് ആഗസ്റ്റ് 29 മുതൽ നേരിട്ടുള്ള വിതരണത്തിന് റേഷൻ കടകൾക്ക് അനുവാദം നൽകിയത്. ആഗസ്റ്റിലെ റേഷൻ വിതരണം സെപ്തംബർ അഞ്ച് വരെ നീട്ടുകയും ചെയ്തു. ഈ തക്കം മുതലെടുത്താണ് ആഗസ്റ്റിൽ സാധനങ്ങൾ വാങ്ങാത്തവരുടെ കാർഡ് നമ്പർ ഉപയോഗിച്ച് അവധി ദിവസങ്ങളായ ആഗസ്റ്റ് 31, സെപ്തംബർ1, 2 തിയതികളിൽ ഉൾപ്പെടെ വ്യാപാരികൾ ഭക്ഷ്യധാന്യങ്ങൾ കൂട്ടത്തോടെ കരിഞ്ചന്തയിലേക്ക് മറിച്ചത്.
അവധി ദിവസങ്ങളിൽ 512 കടക്കാർ നടത്തിയ തട്ടിപ്പാണ് പുറത്തായത്. വ്യാപാരികൾ നേരിട്ട് ഇടപാട് നടത്തിയാലും ഇ-പോസിൽ രേഖപ്പെടുത്തണം. അതിന്റെ കണക്ക് സിവിൽ സപ്ളൈസ് ഐ.ടി സെല്ലിൽ ലഭിക്കും. എന്നാൽ ഓഫീസ് അവധിയായതിനാൽ ഐ.ടി വിഭാഗത്തിന് ആ ദിവസങ്ങളിലെ തട്ടിപ്പ് കണ്ടെത്താനായില്ല. തിരുവോണം ഉൾപ്പെടെ മൂന്ന് അവധി ദിനങ്ങളിൽ മാത്രം 25 ലക്ഷത്തിൽ കുറയാത്ത റേഷൻ സാധനങ്ങൾ കടത്തിയെന്നാണ് പ്രാഥമിക നിഗമനം.
മൂന്ന് ദിവസത്തെ റേഷൻ കടത്തൽ
തിങ്കളാഴ്ച്ച നടത്തിയത് 37 ഇടപാടുകൾ.ഇതിൽ 31 എണ്ണം നേരിട്ട്. കൂടുതൽ ഇടുക്കി, മലപ്പുറം ജില്ലകളിൽ.
ചൊവ്വാഴ്ച്ച 128 കടകളിലായി നടന്നത് 525 ഇടപാടുകൾ.
ബുധനാഴ്ച്ച 370 കടകളിലായി 3604 ഇടപാടുകൾ .
കൂടുതൽ ഇടപാടുകൾ എറണാകുളത്ത് - 706. ഇതിൽ 640 ഉം കാർഡുടമയുടെ വിരലടയാളം രേഖപ്പെടുത്താതെ .കോഴിക്കോട്ട് 411 ഉം തിരുവനന്തപുരത്ത് 385ഉം