തൃശൂർ: പുലികളെ വീട്ടിൽത്തന്നെ അണിയിച്ചൊരുക്കി സൂം ആപ്പിലൂടെ ഒന്നിപ്പിച്ച് കളിപ്പിച്ചപ്പോൾ മഹാമാരിക്കാലത്തിന്റെ ആകുലതകൾ മറന്ന് പുലികളി ആവേശവുമായി ആയിരങ്ങൾ വെർച്വൽ കളിത്തട്ട് പൂരപ്പറമ്പാക്കി. കരിമ്പുലിയും പുള്ളിയും വരയനുമെല്ലാം സ്വരാജ് റൗണ്ടിലെന്നപോലെ മുറ്റത്തും മതിലിൽ കയറിയുമെല്ലാം ചുവടുവച്ചപ്പോൾ ഓൺലൈനിലെ 'കളറ് പുലികളി'ക്ക് ലൈക്കും ഷെയറും നൽകി ലോകമെങ്ങുമുള്ള കാണികളും പുപ്പുലികളായി. അയ്യന്തോൾ ദേശമാണ് കൊവിഡ് കാലത്ത് വ്യത്യസ്തമായി പുലികളി അവതരിപ്പിച്ചത്.
ഒരേസമയം 17 പേർ സൂം ആപ് വഴി ഓൺലൈനിൽ ചുവടുവച്ചു. പുലിത്താളം മൊബൈലിൽ തന്നെ പ്ലേ ചെയ്ത് കേൾപ്പിക്കുകയായിരുന്നു. സാങ്കേതിക തടസം കളിയെ ബാധിക്കാതിരിക്കാൻ നാല് എക്സ്ട്രാ പുലികളും ഒരുങ്ങിയിരുന്നു. പല ദേശങ്ങൾക്കായി വരയ്ക്കുന്ന 14 പേർ വെർച്വൽ പുലികളെ ഒരുക്കാൻ എത്തിയിരുന്നു. ഓൺലൈൻ ആയി പുലികളി നടത്താൻ തീരുമാനിച്ചപ്പോൾ തന്നെ പുലിയാകാൻ ഒരുക്കം തുടങ്ങിയ അയ്യന്തോൾ സ്വദേശി ഷാജിക്ക് ചായമിട്ടത് മകൾ പാർവതിയായിരുന്നു.
സാനിറ്റൈസ് ചെയ്ത അരമണികളും പുലിമുഖങ്ങളും ഓരോരുത്തർക്കും കഴിഞ്ഞദിവസം നൽകിയിരുന്നു. സ്മാർട്ട് ഫോൺ ഉറപ്പിക്കാൻ തെങ്ങിൻപട്ടിക കൊണ്ട് ട്രൈപ്പോഡുകളുമൊരുക്കി. എല്ലാ പുലികളി കലാകാരൻമാരെയും മൊബൈലിൽ ചിത്രീകരിക്കുന്ന രീതിയും പഠിപ്പിച്ചിരുന്നു.
ഏതൊക്കെ സ്ഥലങ്ങളിലാണ് പുലിവേഷധാരികൾ ഉണ്ടാവുക എന്നത് പുറത്ത് വിട്ടിരുന്നില്ല. ആൾക്കൂട്ടത്തെ ഒഴിവാക്കാനായിരുന്നു ഇത്.
മന്ത്രി വി.എസ്. സുനിൽകുമാർ സൂം ആപ്പിൽ ഉദ്ഘാടനം നിർവഹിച്ചു. മൂന്നരയോടെ ജയരാജ് വാര്യരുടെ ആമുഖത്തോടെയാണ് കളി തുടങ്ങിയത്. ടി.എൻ. പ്രതാപൻ എം.പി, മേയർ അജിത ജയരാജൻ, സുനിൽ സുഖദ, കോർപറേഷൻ കൗൺസിലർ എ. പ്രസാദ് എന്നിവരും പങ്കെടുത്തു.
കഴിഞ്ഞ 80 വർഷത്തിലേറെയായി നടന്നുവരുന്ന കുമ്മാട്ടിക്കളിയും ചടങ്ങ് മാത്രമാക്കിയിരുന്നു. രണ്ട് കുമ്മാട്ടികൾ നാഗസ്വരത്തിന്റെ അകമ്പടിയോടെ പനമുക്കുംമ്പിള്ളി ക്ഷേത്രത്തിന് മുന്നിൽ നിന്ന് തുടങ്ങി ക്ഷേത്രം വലംവച്ച് ചടങ്ങ് അവസാനിപ്പിക്കുകയായിരുന്നു.