ന്യൂഡൽഹി: കൊവിഡ് കാലത്ത് തിരിച്ചടവ് മുടങ്ങിയ വായ്പകൾ രണ്ട് മാസത്തേക്ക് കിട്ടാക്കടമായി (എൻ.പി.എ) പ്രഖ്യാപിക്കരുതെന്ന് ബാങ്കുകൾക്ക് സുപ്രീംകോടതി നിർദേശം. മോറട്ടോറിയം നീട്ടണമെന്ന ഹർജികളിന്മേൽ വാദം കേൾക്കുന്ന ജസ്റ്റിസ് അശോക് ഭൂഷൺ അദ്ധ്യക്ഷനായ ബെഞ്ചിന്റേതാണ് നിർദേശം.
മോറട്ടോറിയം കാലത്തെ പലിശ ഒഴിവാക്കിയാൽ ബാങ്കുകൾക്ക് രണ്ട് ലക്ഷം കോടിയുടെ നഷ്ടമുണ്ടാവുമെന്ന് റിസർവ് ബാങ്ക് വാദിച്ചിരുന്നു. എന്നാൽ, പലിശയ്ക്കുമേൽ പലിശ ഈടാക്കുന്നത് നല്ല പ്രവണതയല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
മോറോട്ടോറിയം കാലയളവിൽ പിഴപ്പലിശ ബാധകമാണോ എന്ന് റിസർവ് ബാങ്ക് വിശദീകരിക്കണമെന്നും കോടതി നിർദേശിച്ചു.
ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ മാർച്ച് ഒന്നുമുതൽ ആഗസ്റ്റ് 31 വരെയുള്ള വായ്പാ തിരിച്ചടവുകൾക്കാണ് റിസർവ് ബാങ്ക് നേരത്തേ മോറട്ടോറിയം പ്രഖ്യാപിച്ചത്. വായ്പ തിരിച്ചടയ്ക്കേണ്ടെങ്കിലും ഇക്കാലയളവിലെ പലിശ പിന്നീട് ഈടാക്കുമെന്ന് ബാങ്കുകൾ വ്യക്തമാക്കിയിരുന്നു. ഇതിനു പുറമേ, വായ്പാ തിരിച്ചടവ് നീട്ടികൊടുത്ത ആറുമാസത്തെ പലിശയും ഉപഭോക്താവ് നൽകണം. ഇതു ചോദ്യം ചെയ്തും മോറട്ടോറിയം ഡിസംബർ വരെ നീട്ടണമെന്നും ആവശ്യപ്പെട്ടാണ് ഹർജികൾ എത്തിയത്.
മോറട്ടോറിയം അവസാനിച്ചെങ്കിലും വായ്പാ പുനഃക്രമീകരണമടക്കം വിവിധ ആനുകൂല്യങ്ങൾ റിസർവ് ബാങ്ക് പ്രഖ്യാപിച്ചിട്ടുണ്ടെന്നും വിവിധ മേഖലകളിലെ വായ്പാ പുനഃക്രമീകരണത്തിനുള്ള മാർഗനിർദേശങ്ങൾ സെപ്തംബർ ആറിന് വിദഗ്ദ്ധസമിതി സമർപ്പിക്കുമെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു. വാദം സെപ്തംബർ പത്തിന് തുടരും.