കോരുത്തോടുകാരി ജിൻസി ഫിലിപ്പ് ഒളിമ്പിക്സിൽ ഇന്ത്യയെ പ്രതിനിധീകരിച്ചത് രണ്ട് പതിറ്റാണ്ടുകൾ മുമ്പാണ്; 2000 സിഡ്നി ഒളിമ്പിക്സിൽ. ഏഷ്യൻ ഗെയിംസിലും ലോക പൊലീസ് മീറ്റിലുമൊക്കെ പൊന്നണിഞ്ഞ ജിൻസിയെത്തേടി പക്ഷേ ദേശീയ കായികപുരസ്കാരങ്ങളിലൊന്നുപോലും എത്തിയില്ല.തനിക്ക് അർഹതപ്പെട്ട അർജുന അവാർഡ് കൈവരാത്തതിൽ നിരാശയുണ്ടായിരുന്നെങ്കിലും സ്പോർട്സിനോടുള്ള ഇഷ്ടത്തിലും ആത്മാർത്ഥതയിലും ഒട്ടും കുറവുവരുത്തിയില്ല. സി.ആർ.പി.എഫ് ഡെപ്യൂട്ടി കമൻഡാന്റ് പദവിയിൽ നിന്ന് ഡെപ്യൂട്ടേഷൻ വാങ്ങി സ്പോർട്സ് അതോറിറ്റി ഒഫ് ഇന്ത്യയിൽ കോച്ചായി സേവനം അനുഷ്ഠിക്കുന്ന ജിൻസിയെത്തേടി ഒടുവിൽ സമഗ്ര സംഭാവനയ്ക്കുള്ള ധ്യാൻ ചന്ദ് പുരസ്കാരം എത്തിയിരിക്കുന്നു.
ഇക്കഴിഞ്ഞ ദേശീയ കായിക ദിനത്തിൽ ബംഗളുരു വിധാൻ സൗധയിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതിയിൽ നിന്ന് വിർച്വലായി ജിൻസി പുരസ്കാരം ഏറ്റുവാങ്ങി. തിരികെ കേരളത്തിലേക്ക് വന്ന് കോരുത്തോട്ടെ വീട്ടിൽ ക്വാറന്റൈനിൽ കഴിയുകയാണ് ജിൻസിയും ഭർത്താവും ഒളിമ്പ്യനുമായ പി.രാമചന്ദ്രനും മക്കളും.
തന്റെ കായിക ജീവിതത്തെക്കുറിച്ചും പരിശീലനത്തെപ്പറ്റിയും ജിൻസി കേരള കൗമുദിയോട് മനസുതുറന്നപ്പോൾ....
കോരുത്തോട്ടെ കുട്ടിക്കാലം
മുണ്ടക്കയം കോരുത്തോടിനടുത്തുള്ള ഗ്രാമത്തിലാണ് ഞാൻ ജനിച്ചത്. പള്ളിവക സ്കൂളിലായിരുന്നു എൽ.പി,യു.പി പഠനം.അവിടെ ഒാട്ടത്തിലും ചാട്ടത്തിലും മിഠായി പെറുക്കലിലുമൊക്കെ ഒന്നാമതായിരുന്നു. ആ സ്കൂളിൽ കായിക പരിശീലനത്തിനുള്ള സൗകര്യമില്ലാത്തതിനാൽ നാലുകിലോമീറ്റർ അകലെയുള്ള സി.കേശവൻ മെമ്മോറിയൽ സ്കൂളിൽ പോയി ട്രെയ്നിംഗ് നടത്തുമായിരുന്നു.ഹൈസ്കൂൾ മുതൽ തോമസ് മാഷിന്റെ ശിഷ്യയായി. അവിടെ നിന്നാണ് കായിക ജീവിതം തുടങ്ങുന്നത്. പിന്നീട് തൃശൂർ വിമല കോളേജിലും അത്ലറ്റിക്സ് തുടർന്നു.
ഇന്ത്യൻ ക്യാമ്പിൽ
സി.ആർ.പി.എഫിൽ ജോലി ലഭിച്ച ശേഷമാണ് 1997 ൽ ഇന്ത്യൻക്യാമ്പിലേക്ക് എത്തുന്നത്. ഇതോടെയാണ് 400 മീറ്ററിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതും റിലേ ടീമിൽ സ്ഥിരസാന്നിദ്ധ്യമാകുന്നതും.1998ലെ ബാങ്കോക്ക് ഏഷ്യൻ ഗെയിംസിൽ വെള്ളി നേടിയ ഇന്ത്യൻ ടീമിൽ അംഗമാകാൻ കഴിഞ്ഞു. കെ.എം ബീനമോൾ, ജ്യോതിർമയ് സിക്ദർ, റോസക്കുട്ടി എന്നിവരായിരുന്നു മറ്റ് ടീമംഗങ്ങൾ. ബീനമോൾ,പരംജീത് കൗർ,റോസക്കുട്ടി എന്നിവർക്കൊപ്പമാണ് സിഡ്നിയിൽ 4x400 മീറ്റർ റിലേയിൽ മത്സരിച്ചത്. അന്ന് ഹീറ്റ്സിൽ അഞ്ചാം സ്ഥാനത്താവുകയായിരുന്നു. രണ്ട് വർഷത്തിന് ശേഷം നടന്ന ബുസാൻ ഏഷ്യൻ ഗെയിംസിൽ ബീനാമോളും മൻജീത്കൗറും സോമാ ബിശ്വാസും ഞാനും ചേർന്ന് സ്വർണം നേടി.
കിട്ടാത്ത അംഗീകാരം
അർജുന അവാർഡ് അന്നൊക്കെ കൊതിച്ചിരുന്നു. എന്നാൽ ഒാരോ കായിക ഇനത്തിൽ നിന്നും വളരെ കുറച്ചുപേരെ മാത്രമാണ് അന്നൊക്കെ അവാർഡിനായി പരിഗണിച്ചിരുന്നത്. വ്യക്തിഗത മെഡലുകൾ നേടിയവരെ പരിഗണിക്കുമ്പോൾ ടീം ഇനത്തിൽ മത്സരിക്കുന്ന ഞങ്ങളെപ്പോലെയുള്ളവർ തഴയപ്പെടുന്നത് സ്വാഭാവികമാണ്. അതുകൊണ്ടുതന്നെ ആരോടും പരിഭവമില്ലായിരുന്നു.
കാത്തിരിപ്പ്
അംഗീകാരങ്ങൾ കൊതിക്കാത്ത കായികതാരങ്ങളില്ല.രാജ്യത്തിനായി നേടുന്ന മെഡലുകൾക്ക് തിളക്കം വർദ്ധിക്കുന്നത് അത് മറ്റുള്ളവർ അംഗീകരിക്കുമ്പോഴാണ്. അർജുന അവാർഡിനായി വർഷങ്ങളോളം കാത്തിരുന്നു. എനിക്ക് മാത്രമല്ല ഭർത്താവ് രാമചന്ദ്രൻ ഉൾപ്പടെ അക്കാലത്തെ പലർക്കും ഈ കാത്തിരിപ്പ് വിധിയായിരുന്നു. അർജുന ലഭിക്കാനുള്ള കാലം കഴിഞ്ഞപ്പോഴാണ് ലൈഫ് ടൈം അച്ചീവ്മെന്റായ ധ്യാൻ ചന്ദിനായി അപേക്ഷിച്ചത്. എന്നേക്കാൾ മുമ്പേ അർജുന കിട്ടാൻ യോഗ്യതയുണ്ടായിരുന്ന ബോബി അലോഷ്യസിന് കഴിഞ്ഞ വർഷമാണ് ധ്യാൻചന്ദ് ലഭിച്ചത്. എന്നെ ഈ വർഷം പരിഗണിച്ചതിൽ വലിയ സന്തോഷമുണ്ട്.
കോച്ചിംഗ് കരിയർ
സ്പോർട്സിനോടുള്ള അടങ്ങാത്ത താത്പര്യം കൊണ്ടാണ് 2018ൽ ഡെപ്യൂട്ടേഷൻ വാങ്ങി കാര്യവട്ടം എൽ.എൻ.സി.പി.ഇയിൽ പരിശീലകയായെത്തിയത്. 16 വയസിൽ താഴെയുള്ള കുട്ടികളെയാണ് ഞാൻ പരിശീലിപ്പിക്കുന്നത്. അത്ലറ്റായിരുന്നതിനാൽ പരിശീലിക്കാനെത്തുന്ന കുട്ടികളുടെ മാനസികാവസ്ഥ എനിക്ക് തിരിച്ചറിയാനും അവരോട് താദാത്മ്യപ്പെട്ട് പെരുമാറാനും കഴിയാറുണ്ട്.
ഒരു കോച്ചെന്ന നിലയിൽ തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കുന്ന രീതിയിൽ പെട്ടെന്ന് റിസൾട്ടുണ്ടാക്കാൻ ഞാൻ ശ്രമിക്കാറില്ല. പെട്ടെന്ന് മിന്നിത്തിളങ്ങി ഒന്നുമാകാതെ പോകുന്നവരെയല്ല നമുക്ക് വേണ്ടത്. അതുകൊണ്ടുതന്നെ ദീർഘകാലം ഈ രംഗത്ത് തുടരാൻ പ്രാപ്തിയുള്ള കുട്ടികളെ പടിപടിയായി മുന്നിലേക്ക് കൊണ്ടുവരാനാണ് ശ്രമിക്കുന്നത്.
അന്നും ഇന്നും
ഞങ്ങളുടെയൊക്കെ കാലത്ത് വേണ്ടത്ര അടിസ്ഥാന സൗകര്യങ്ങൾ ഇല്ലായിരുന്നു. മെച്ചപ്പെട്ട പരിശീലന സൗകര്യങ്ങളോ, വേണ്ടത്ര സിന്തറ്റിക് ട്രാക്കുകളോ ഉണ്ടായിരുന്നില്ല. ഇന്ന് അങ്ങനെയല്ല. ഇന്റർനെറ്റിലൂടെ അത്യാധുനിക പരിശീലന രീതികൾ മനസിലാക്കാൻ അവസരവുമുണ്ട്. എങ്കിലും ഞങ്ങളൊക്കെ ചെയ്തിരുന്ന നിലവാരത്തിൽ നിന്ന് വലിയ മെച്ചമുണ്ടാക്കാൻ ഇപ്പോഴത്തെ താരങ്ങൾക്ക് കഴിയുന്നില്ല എന്നത് സത്യമാണ്. കാലത്തിന്റെ മാറ്റത്തിനനുസരിച്ച് നമ്മുടെ അത്ലറ്റിക്സ് നിലവാരത്തിലും മാറ്റമുണ്ടാകേണ്ടിയിരിക്കുന്നു.
കുടുംബം
ചെറുപ്പകാലത്ത് എനിക്ക് എല്ലാ പിന്തുണയും നൽകിയിരുന്നത് പിതാവ് വി.ജെ ഫിലിപ്പും മാതാവ് പൊന്നമ്മയുമാണ്. ഇവരുടെ പ്രോത്സാഹനമില്ലായിരുന്നുവെങ്കിൽ ഞാനൊരു കായികതാരമാവില്ലായിരുന്നു. കായിക രംഗത്തുനിന്നാണ് ഭർത്താവിനെ കണ്ടെത്തിയത്. ഇന്ത്യൻ ക്യാമ്പിൽ സീനിയറായിരുന്നു പി.രാമചന്ദ്രൻ. ഒളിമ്പിക്സിനും ഏഷ്യാഡിനുമൊക്കെയായി ഒരുമിച്ചുള്ള യാത്രകൾ പ്രണയത്തലേക്ക് വഴിമാറി. എന്നെ മനസിലാക്കുന്നയാളെ ജീവിതപങ്കാളിയായി ലഭിച്ചതാണ് വിജയം. കസ്റ്റംസിൽ സൂപ്രണ്ടായ രാമചന്ദ്രൻ ഇപ്പോൾ തിരുവനന്തപുരം വിമാനത്താവളത്തിലാണ് ജോലി നോക്കുന്നത്. രണ്ട് പേരേയേ ഞാൻ പ്രസവിച്ചുള്ളെങ്കിലും മൂന്ന് മക്കളുണ്ടെനിക്ക്. മരിച്ചുപോയ സഹോദരിയുടെ മകൻ ഏയ്ബലും അഭിഷേകിനും അതുല്യയ്ക്കുമൊപ്പം എന്റെ കൂടെയാണ്.