ന്യൂഡൽഹി: ജി.ഡി.പി തകരുകയും തൊഴിലില്ലായ്മ ഉയരുകയും ചെയ്ത സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷപരിഹാസവുമായി മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. രണ്ട് ട്വീറ്റുകളിലൂടെയാണ് പ്രധാനമന്ത്രിയെ പരിഹസിച്ചിരിക്കുന്നത്. പ്രശാന്ത് ഭൂഷണിന്റെ രണ്ടു ട്വീറ്റും നിമിഷങ്ങൾക്കകം സോഷ്യൽ മീഡിയ ഏറ്റെടുത്തു.
ആദ്യ ട്വീറ്റ്
''എന്താണ് പറയുന്നത് സഹോദരാ? ഇനിയും എന്തു വികസനമാണ് വേണ്ടത്? രാജ്യത്തെ ജി.ഡി.പി ഇടിവ് 24 ശതമാനം ഉയർന്നു. തൊഴിലില്ലായ്മയും 24 ശതമാനം കൂടി. കൊറോണയിൽ 80,000 വികാസമുണ്ടായി. ചൈനീസ് സൈന്യത്തിന്റെ സാന്നിദ്ധ്യവും ഇന്ത്യയിൽ വർദ്ധിച്ചു. ശാന്തനാകൂ. മയിലിന് തീറ്റ കൊടുക്കൂ. ഇന്ത്യൻ ഇനത്തിലെ പട്ടികളെ വളർത്തൂ. കളിപ്പാട്ടം നിർമിക്കൂ''. രാജ്യത്ത് വികസനം നടത്തിയിട്ടുണ്ടെങ്കിൽ എന്തുകൊണ്ടാണ് കാണാനാകാത്തതെന്ന അർണബിന്റെ ചോദ്യത്തിന് 'ഇൗ വികസനം ലക്ഷണങ്ങൾ ഇല്ലാത്തതാണ്, അത് നടക്കുന്നുണ്ട്. പക്ഷേ കാണാൻ സാധിക്കില്ല' എന്ന മറുപടി നൽകുന്ന ചിത്രമാണ് ട്വീറ്റിനൊപ്പമുള്ളത്.
രണ്ടാമത്തെ ട്വീറ്റ്
''ജി.ഡി.പി ഇടിവ് 24 ശതമാനമായി ഉയരുന്നതിനാൽ, മോദിജിക്ക് രാത്രി എട്ടുമണിക്ക് ബാൽക്കണിയിലേക്ക് വിളിക്കാൻ സമയമായി '' എന്ന അടിക്കുറിപ്പിലുള്ള ട്വീറ്റിൽ മുങ്ങികൊണ്ടിരിക്കുന്ന കപ്പലിൽ നിന്ന് ജി.ഡി.പി നിരക്ക് ഉയരുന്നുവെന്ന് പറയുന്നതും ബാൽക്കണിയിൽ നിന്ന് പാത്രം കൊട്ടിയശേഷം ജി.ഡി.പിയോട് ഉയരാൻ പറയുന്നതുമായ കാർട്ടൂണുമുണ്ട്.