ന്യൂയോർക്ക് : ലോക ഒന്നാം നമ്പർ പുരുഷ താരം നൊവാക്ക് ജോക്കോവിച്ച് യു.എസ് ഒാപ്പൺ ടെന്നിസിന്റെ മൂന്നാം റൗണ്ടിലെത്തി. നാലുസെറ്റ് നീണ്ട രണ്ടാം റൗണ്ട് മത്സരത്തിൽ ബ്രിട്ടന്റെ കൈൽ എഡ്മണ്ടിനെ 6-7,6-3,6-4,6-2 എന്ന സ്കോറിനാണ് നൊവാക്ക് കീഴടക്കിയത്. ആദ്യ സെറ്റ് ടൈബ്രേക്കറിലൂടെ സ്വന്തമാക്കിയ എഡ്മണ്ടിന് പിന്നീട് നിയന്ത്രണം നഷ്ടമായി. മൂന്ന് മണിക്കൂർ 13 മിനിട്ടാണ് മത്സരം നീണ്ടത്.
പുരുഷ സിംഗിൾസിലെ മറ്റ് രണ്ടാം റൗണ്ട് മത്സരങ്ങളിൽ ഗ്രീക്ക് താരം സ്റ്റാൻസിലാസ് സിസ്റ്റിപ്പാസും ജർമ്മനിയുടെ അലക്സിസ് സ്വെരേവും വിജയം കണ്ടു. അമേരിക്കയുടെ മാക്സിം ക്രെസിയെ 7-6,6-3,6-4നാണ് സിസ്റ്റിപ്പാസ് തോൽപ്പിച്ചത്. സ്വരേവ് 7-5,6-7,6-3,6-1ന് അമേരിക്കയുടെ നകാഷിമയെ കീഴടക്കി. ഫ്രഞ്ച് താരം ഗെയ്ൽസ് സൈമണും കാനഡയുടെ ഷാപ്പോലോവും മൂന്നാം റൗണ്ടിലെത്തിയിട്ടുണ്ട്.
വനിതാ സിംഗിൾസിൽ നാലാം സീഡ് അമേരിക്കൻ താരം നവോമി ഒസാക്ക മൂന്നാം റൗണ്ടിലേക്ക് കടന്നു. രണ്ടാം റൗണ്ടിൽ ഇറ്റലിയുടെ കാമില ജോർജിയെ 6-1,6-2നാണ് നവോമി കീഴടക്കിയത്. മുൻ ലോക ഒന്നാം നമ്പർ ജർമ്മൻ താരം ഏൻജലിക്ക് കെർബർ രണ്ടാം റൗണ്ടിൽ സ്വന്തം നാട്ടുകാരി ഫ്രീഡ്സാമിനെ കീഴടക്കി. സ്കോർ : 6-3,7-6.ആറാം സീഡ് പെട്ര ക്വിറ്റോവ,എട്ടാം സീഡ് പെട്ര മാർട്ടിക് എന്നിവരും മൂന്നാം റൗണ്ടിലെത്തി. അതേസമയം ടോപ് സീഡ് ചെക്ക് റിപ്പബ്ളിക്കിന്റെ കരോളിന പ്ളിസ്കോവ രണ്ടാം റൗണ്ടിൽ പുറത്തായി. സീഡ് ചെയ്യപ്പെടാത്ത ഫ്രഞ്ച് താരം കരോളിൻ ഗാർഷ്യയാണ് 6-1,7-6ന് പ്ളിസ്കോവയെ അട്ടിമറിച്ചത്.