മാഡ്രിഡ് : രണ്ട് പതിറ്റാണ്ടായി തുടരുന്ന സ്പാനിഷ് ക്ളബ് ബാഴ്സലോണയിൽ നിന്ന് പോകണമെന്ന വാശിയിൽ നിന്ന് അർജന്റീനിയൻ സൂപ്പർതാരം ലയണൽ മെസി പിൻവാങ്ങുന്നതായി സൂചനകൾ.തർക്കം രൂക്ഷമായതോടെ താരത്തിന്റെ ഭാവി കാര്യങ്ങൾ ചർച്ച ചെയ്യാൻ ബാഴ്സലോണയിലേക്ക് പറന്നെത്തിയ പിതാവും ഏജന്റുമായ ജോർജി മെസിയാണ് ഈ സൂചന നൽകിയത്. തർക്കം രൂക്ഷമായതോടെയാണ് താരത്തിന്റെ ഭാവി കാര്യങ്ങൾ ചർച്ച ചെയ്യാൻ ജോർജി പറന്നെത്തിയത്.
ക്ളബ് അധികൃതരുമായി നടത്തിയ ചർച്ചകൾ ഫലപ്രദമായിരുന്നുവെന്ന് ജോർജി മെസി വ്യക്തമാക്കി.
ജോർജിയും ബാഴ്സലോണ പ്രസിഡന്റ് ജോസപ് ബർതോമ്യൂവുമായുള്ള ആദ്യ ഘട്ട ചർച്ചകൾ ഫലം കണ്ടില്ലെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, തുടർന്ന് നടത്തിയ ചർച്ചകളിലാണ് പരിഹാര ഫോർമുല രൂപപ്പെട്ടത്. ഇതനുസരിച്ച് മെസിയുമായുള്ള കരാർ രണ്ടു വർഷത്തേക്ക് പുതുക്കാൻ ക്ളബ് താത്പര്യം പ്രകടിപ്പിച്ചതായാണ് റിപ്പോർട്ട്. ഇതിന് മെസിയും സമ്മതം മൂളിയതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
മെസി മാഞ്ചസ്റ്റർ സിറ്റിയിലേക്ക് ചേക്കേറിയേക്കുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് ബാഴ്സയുമായുള്ള തർക്കം അവസാനിച്ചതായി വാർത്തകൾ പ്രചരിക്കുന്നത്. യുവേഫ ചാംപ്യൻസ് ലീഗ് ക്വാർട്ടറിൽ ബയൺ മ്യൂണിക്കിനോട് പിണഞ്ഞ കൂറ്റൻ തോൽവിക്കു പിന്നാലെയാണ് ടീം വിടാൻ മെസി തീരുമാനിച്ചത്. പോകാൻ അനുവദിക്കില്ലെന്ന് ബാഴ്സയും നിലപാടെടുത്തു. തർക്കം കോടതി കയറിയേക്കുമെന്ന സൂചനകൾക്കിടെയാണ് ചർച്ചകൾക്കായി ജോർജി എത്തിയത്. ബാഴ്സലോണ പുതിയ സീസണിനു മുന്നോടിയായി നടത്തിയ കോവിഡ് പരിശോധന മെസി ബഹിഷ്കരിച്ചിരുന്നു. ടീം പരിശീലനം പുനരാരംഭിച്ചപ്പോഴും മെസി വിട്ടുനിന്നു.