മലപ്പുറം: കൊവിഡിനിടെ ആശങ്കയേറ്റി, ഒരു മാസത്തിനിടെ വൈറൽ പനി ബാധിച്ച് ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയത് 10,914 പേർ. 60 പേരെ അഡ്മിറ്റ് ചെയ്തു. ആരോഗ്യവകുപ്പിന്റെ ആഗസ്റ്റിലെ കണക്ക് പ്രകാരമാണിത്.
മൺസൂൺ തുടങ്ങിയ ശേഷം കൂടുതൽ പേർ ചികിത്സ തേടിയത് ആഗസ്റ്റിലാണ്. ജില്ലയിലെ പ്രധാന സർക്കാർ ആശുപത്രികൾ കൊവിഡ് ചികിത്സാ കേന്ദ്രങ്ങളാക്കിയ പശ്ചാത്തലത്തിൽ സാധാരണ ഗതിയിൽ ഇവിടങ്ങളിലെത്തുന്ന രോഗികൾ സ്വകാര്യ ക്ലിനിക്കുകളെയും സ്വയംചികിത്സയെയുമാണ് ആശ്രയിക്കുന്നത്. ചില സ്വകാര്യ ആശുപത്രികൾ പനിയുമായെത്തുന്ന രോഗികളെ നിരുത്സാഹപ്പെടുത്തുന്നതായും ആക്ഷേപമുണ്ട്. ഇവിടങ്ങളിലെ കടുത്ത നിയന്ത്രണങ്ങളും രോഗികളെ പിന്നോട്ടുവലിക്കുന്നു. ചികിത്സയ്ക്കെത്തുന്ന രോഗികളിൽ ആർക്കെങ്കിലും കൊവിഡ് സ്ഥിരീകരിച്ചാൽ ആശുപത്രികളുടെ പ്രവർത്തനം താത്കാലികമായി അവതാളത്തിലാവുമെന്നതാണ് കാരണം. ചെറിയ ക്ലിനിക്കുകളെയാണ് പ്രധാനമായും രോഗികൾ ആശ്രയിക്കുന്നത്. കൊവിഡ് ഭയന്ന് ആശുപത്രികളിലെത്താത്തവരും പനി കൊവിഡ് ലക്ഷണമായി കണക്കാക്കുമെന്ന തെറ്റിദ്ധാരണയിൽ ചികിത്സ തേടാൻ വൈകുന്നവരുമുണ്ട്. സാധാരണഗതിയിൽ മൺസൂൺ കാലയളവിൽ ഒരുദിവസം സർക്കാർ ആശുപത്രികളിൽ മാത്രം ശരാശരി 2,000 രോഗികളെത്താറുണ്ട്. കൊവിഡിന് ശേഷം അഞ്ഞൂറ് കടന്ന ദിവസങ്ങൾ തന്നെ അപൂർവ്വമാണ്. സ്വയംചികിത്സ തേടുന്നതിന്റെ തെളിവായാണ് ഇതിനെ വിലയിരുത്തുന്നത്. ആഗസ്റ്റ് 18ന് 514 പേർ ചികിത്സ തേടിയതാണ് കഴിഞ്ഞ മാസത്തെ ഉയർന്ന പ്രതിദിന നിരക്ക്. ശരാശരി മുന്നൂറ് പേരാണ് ചികിത്സ തേടിയത്. സെപ്തംബറിലെ മൂന്ന് ദിവസത്തിനിടെ 783 പേരാണ് പനി ബാധിച്ച് ചികിത്സ തേടിയത്.
ഡെങ്കി പിടിമുറുക്കിയില്ല
പ്രളയസാഹചര്യത്തിന് പിന്നാലെ ജില്ലയിൽ ഡെങ്കിയും എലിപ്പനിയും പിടിമുറുക്കിയേക്കാമെന്ന മുന്നറിയിപ്പുകൾക്കിടെ രോഗികളുടെ എണ്ണം മുൻവർഷങ്ങളെ അപേക്ഷിച്ച് കുറഞ്ഞത് ആശ്വാസമേകുന്നുണ്ട്. ആഗസ്റ്റിൽ 12 പേർ ഡെങ്കി ലക്ഷണങ്ങളോടെ ആശുപത്രികളിൽ ചികിത്സ തേടിയപ്പോൾ നാല് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. വഴിക്കടവ്, കരുവാരക്കുണ്ട്, മക്കരപ്പറമ്പ് എന്നിവിടങ്ങളിലാണിത്. എലിപ്പനി ലക്ഷണങ്ങളോടെ 16 പേർ ചികിത്സ തേടിയപ്പോൾ രണ്ടുപേർക്ക് രോഗം പ്രകടമായി. മക്കരപ്പറമ്പിലും പൂക്കോട്ടൂരിലുമാണിത്. പനിബാധിതർ സ്വയംചികിത്സ ചെയ്യുന്നത് എലിപ്പനി അടക്കമുള്ള രോഗങ്ങൾ തിരിച്ചറിയുന്നത് വൈകിക്കുമെന്നും ഇതു രോഗം ഗുരുതരമാക്കുമെന്നും ആരോഗ്യവകുപ്പ് അധികൃതർ മുന്നറിയിപ്പേകുന്നു.