കോഴിക്കോട്: സ്കൂളിൽ നിന്ന് മോഷണം പോയ രസീതുകളുടെ ബാധ്യതയായി പ്രധാനാദ്ധ്യാപികയുടെ വിരമിക്കൽ ആനുകൂല്യത്തിൽ നിന്ന് ഈടാക്കിയ 60,000 രൂപ തിരികെ നൽകാൻ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്റെ നിർദ്ദേശം. ധനവകുപ്പ് സെക്രട്ടറിക്കും കോഴിക്കോട് ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർക്കുമാണ് കമ്മിഷൻ ജുഡീഷ്യൽ അംഗം പി. മോഹനദാസ് നിർദ്ദേശം നൽകിയത്. താമരശ്ശേരി ഉപ വിദ്യാഭ്യാസ ജില്ലയ്ക്ക് കീഴിൽ വരുന്ന മലപ്പുറം ജി.എം.എൽ.പി സ്കൂളിൽ നിന്ന് 2018ൽ വിരമിച്ച പ്രധാനാദ്ധ്യാപിക സമർപ്പിച്ച പരാതിയിലാണ് നടപടി.
കമ്മിഷൻ കോഴിക്കോട് വിദ്യാഭ്യാസ ഉപഡയറക്ടറിൽ നിന്ന് റിപ്പോർട്ട് വാങ്ങി. 2018ൽ സ്കൂളിൽ നടന്ന ഓഡിറ്റിലാണ് 60,000 രൂപയുടെ വൗച്ചർ നഷ്ടമായതായി കണ്ടെത്തിയത്.സാമ്പത്തിക ബാധ്യത എഴുതി തള്ളാൻ അദ്ധ്യാപിക സർക്കാരിന് അപേക്ഷ നൽകിയിട്ടുണ്ട്. തുക തിരികെ നൽകാൻ തീരുമാനിച്ചെങ്കിലും ട്രഷറി ഓഫീസർ തടസ്സം നിന്നു. ഇക്കാര്യത്തിൽ ധനവകുപ്പ് സെക്രട്ടറിക്ക് മാത്രമെ തീരുമാനമെടുക്കാൻ കഴിയൂവെന്നും റിപ്പോർട്ടിൽ പറയുന്നു.
പരാതിക്കാരി ഗുരുതരമായ രോഗത്തിന് ചികിത്സയിലാണ്. രോഗാവസ്ഥ കണക്കിലെടുത്ത് വിരമിക്കൽ ആനുകൂല്യത്തിൽ നിന്ന് ഈടാക്കിയ തുക തിരികെ നൽകണമെന്നാണ് കമ്മിഷന്റെ ആവശ്യം.