മാനന്തവാടി: അരയാലിന്റെ ഇലകളിൽ മുഖങ്ങൾ തീർക്കുകയാണ് യു.കെയിലെ ആഡംബര കപ്പൽ ജീവനക്കാരനും മാനന്തവാടി പാണ്ടിക്കടവ് സ്വദേശിയുമായ കൃഷ്ണകൃപ വീട്ടിൽ അഖിൽ രാജ്.
യു.കെയിൽ നിന്ന് കഴിഞ്ഞ ഡിസംബറിൽ അവധിക്കായി നാട്ടിലെത്തിയ അഖിലിന് ലോക്ക്ഡൗൺ കാരണം മടങ്ങി പോകാൻ കഴിഞ്ഞില്ല. ലോക്ക്ഡൗൺ കാലത്തെ വിരസത മാറ്റാനാണ് അഖിൽ ഇലകളിൽ ചിത്രങ്ങൾ തീർക്കാൻ തുടങ്ങിയത്. രണ്ട് മാസങ്ങൾക്കൊണ്ട് നൂറിലധികം മുഖങ്ങളാണ് അഖിൽ അരയാലിലയിൽ പൂർത്തീകരിച്ചത്. പ്ലാവിലയിൽ പരീക്ഷണം തുടങ്ങിയ അഖിൽ ചിത്രങ്ങളിൽ തൃപ്തിവരാതെ ആലിലയിൽ ചിത്രങ്ങൾ വിജയകരമാക്കുകയായിരുന്നു.
സൂക്ഷ്മതയും, ക്ഷമയും ഏറെ വേണ്ടതാണ് ഇത്തരം സൃഷ്ടികൾക്ക്. ആവശ്യപ്പെടുന്നവരുടെ മുഖങ്ങൾ ഇലകളിൽ വെട്ടിയെടുത്ത് വരുമാനവുമുണ്ടാക്കുന്നുണ്ട് അഖിൽ. ഇലകളിൽ പേനകൊണ്ട് ചിത്രം വരച്ച് വെട്ടിയെടുക്കുകയാണ് ചെയ്യുന്നത്. ചിത്രങ്ങൾ വെട്ടിയെടുത്ത ശേഷം ഉണങ്ങാൻ ഒരാഴ്ചയോളം പുസ്തകത്തിനുള്ളിൽ വയ്ക്കണം. പിന്നീട് ഫ്രെയിം ചെയ്ത് ആവശ്യക്കാർക്ക് നൽകും. പ്രശസ്ത വ്യക്തികളുടേതടക്കം നിരവധി ചിത്രങ്ങളാണ് അഖിൽ ഇലകളിൽ വെട്ടിയെടുത്തത്.
ചിത്രങ്ങൾ വേൾഡ് ട്രാവലർ ബോയ് എന്ന ഇൻസ്റ്റഗ്രാം പേജിലൂടെ പ്രദർശിപ്പിക്കാറുണ്ട്. തങ്ങളുടെ ചിത്രങ്ങൾ ഇലകളിൽ തീർക്കാൻ ആവശ്യപ്പെട്ട് നിരവധി പേർ എത്തുന്നുണ്ട്.