വിവാഹങ്ങളും ചടങ്ങുകളും മുൻകൂട്ടി അറിയിക്കണം
കൊല്ലം: കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ മാനദണ്ഡങ്ങളും നിയന്ത്രണങ്ങളും ജില്ലയിൽ കർശനമാക്കാൻ ജില്ലാ ഭരണകൂടത്തിന്റെ നിർദേശം. ജനങ്ങളെ ക്ഷണിച്ചുവരുത്തി നടത്തുന്ന വിവാഹങ്ങൾ, വിവാഹ നിശ്ചയങ്ങൾ ഉൾപ്പെടെ ആളുകൂടുന്ന ചടങ്ങുകൾ സംഘടിപ്പിക്കുമ്പോൾ മുൻകൂട്ടി അധികൃതരെ അറിയിക്കണം. കൊവിഡ് വ്യാപന സാദ്ധ്യത തടയാൻ ഇക്കാര്യം കർശനമായി നടപ്പാക്കണം. കുറഞ്ഞത് മൂന്ന് ദിവസം മുമ്പെങ്കിലും പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ, ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ എന്നിവരെ വിവരം അറിയിക്കണം. വെള്ളിമണിലെ വിവാഹത്തിൽ പങ്കെടുത്ത ചിലർക്ക് കൊവിഡ് ബാധിച്ചതാണ് ഇത്തരമൊരു തീരുമാനമെടുക്കാൻ പ്രേരിപ്പിച്ചത്. ചടങ്ങിന്റെ വിവരം മുൻകൂട്ടി അറിയിച്ചിരുന്നെങ്കിൽ രോഗ വ്യാപനം തടയാൻ കഴിയുമായിരുന്നെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തൽ. നിർദേശം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ ബി. അബ്ദുൽ നാസർ അറിയിച്ചു.