തൃശൂർ: സംസ്ഥാനത്ത് ഏറ്റവും കുറവ് മഴ രേഖപ്പെടുത്തിയ ജില്ലകളിൽ തൃശൂർ രണ്ടാമതായപ്പോൾ, കൊവിഡ് വ്യാപനഭീതിക്കിടെ കർഷകർക്ക് തോരാക്കണ്ണീരാവുകയാണ് വെള്ളം വറ്റുന്ന നെൽപ്പാടങ്ങൾ. 33 ശതമാനം മഴയാണ് ഇന്നലെ വരെ ജില്ലയിൽ കുറഞ്ഞത്. പാടം ഉഴുത് വിത്ത് വിതയ്ക്കാൻ തുടങ്ങിയപ്പോഴേക്കും മഴ ഒഴിഞ്ഞ് വെയിൽ കടുത്തു. ചിലയിടങ്ങളിൽ വെള്ളം പമ്പ് ചെയ്താണ് ഞാർ ഉണങ്ങാതെ സംരക്ഷിക്കുന്നത്.
ഞാറ്റടിയിൽ നിന്നും നല്ല ഞാർ കിട്ടിയില്ലെങ്കിൽ മുണ്ടകൻവിള മോശമാകും. കർക്കടകം പകുതിയോടെ അപ്രതീക്ഷിതമായി കുറഞ്ഞ മഴ ചിങ്ങത്തിൽ വളരെ കുറഞ്ഞതാണ് തിരിച്ചടിയായത്. തുലാവർഷവും ചതിച്ചാൽ നെല്ലിന്റെ ഉത്പാദനത്തിൽ വലിയ കുറവുണ്ടാകും. കൊവിഡിന് പിറകെ വരൾച്ചയും ഭക്ഷ്യക്ഷാമവും നേരിടേണ്ടി വരുമെന്ന ആശങ്കയാണ് കർഷകർക്കുള്ളത്.
കാലവർഷ പ്രവചനങ്ങൾ പാളുന്നതും കർഷകരെ നട്ടംതിരിക്കുന്നുണ്ട്. ഇന്ത്യൻ കാലവർഷം ആരംഭിക്കുന്നത് കേരളത്തിൽ പ്രവേശിക്കുന്നതോടെയാണ്. 1918ൽ മേയ് 11നാണ് എത്തിയതെങ്കിൽ 1972ൽ ജൂൺ 18നായിരുന്നു. ഒരു മാസത്തിലധികം വ്യതിയാനം കാലവർഷത്തിലുണ്ടായിട്ടുണ്ട്. ഒരു മാസമെങ്കിലും മുൻപ് കൃത്യമായി പ്രവചനം ലഭിച്ചാൽ കർഷകർക്ക് എന്ന് കൃഷിയിറക്കണമെന്നും ഏത് വിത്ത് കൃഷി ചെയ്യണമെന്നും എപ്പോൾ വിളവെടുക്കണമെന്നും തീരുമാനിക്കാനാകും.
കഴിഞ്ഞ 150 വർഷത്തെ കാലവർഷം എത്തിയ ദിവസങ്ങളെ അടിസ്ഥാനപ്പെടുത്തി വിശകലനവും പ്രവചനവും നടത്തുകയാണെങ്കിൽ അതിൽ യാതൊരു പാറ്റേണുകളും ആവർത്തന സ്വഭാവവും കാണാനാകില്ല. സാധാരണ കഴിഞ്ഞ 30 വർഷത്തെ ശരാശരി എടുത്ത് പറയുകയാണ്. മേയ് 25നും ജൂൺ 8നും ഇടയിലാണ് കേരളത്തിൽ കാലവർഷം എത്തുന്നത് എന്നാണ് സാധാരണപ്രവചനം.
കാലവർഷം അറിയാം
'കൃത്യമായ കാലാവസ്ഥാപ്രവചനം കിട്ടുന്നത് ഒന്നോ രണ്ടോ ദിവസം മുമ്പ് ഉപഗ്രഹങ്ങളിൽ നിന്നുള്ള മേഘങ്ങളുടെ ചലനവിവരം വഴിയാണ്. ഇത് കർഷകർക്ക് ഗുണകരമാകില്ല. കാലവർഷം എന്ന് തുടങ്ങുമെന്നറിയാൻ കഴിഞ്ഞ വർഷങ്ങളിൽ തുടങ്ങിയ തീയതി കണക്കാക്കി വികസിപ്പിച്ച സൂത്രവാക്യത്തിലൂടെ കഴിയും. മുൻവർഷങ്ങളിലെ വിവരങ്ങൾ ഉപയോഗിച്ച് എട്ട് വർഷത്തെ കാലവർഷം എപ്പോൾ തുടങ്ങുമെന്ന് കണ്ടെത്താനുള്ള സൂത്രവാക്യം കാർഷിക സർവകലാശാലയിലെ കാലാവസ്ഥാ വ്യതിയാനപഠന കേന്ദ്രത്തിലെ ഗവേഷകനായ ഡോ. ഗോപകുമാർ ചോലയിലുമായി സഹകരിച്ച് വികസിപ്പിച്ചിരുന്നു. സൂര്യഗ്രഹണം ആഷാഢ മാസത്തിൽ സംഭവിച്ചാൽ അതിവർഷമാകുമെന്നും, ജ്യേഷ്ഠമാസത്തിൽ വന്നാൽ സാധാരണ മഴ പോലും കിട്ടില്ലെന്നും ബൃഹത് സംഹിതയിൽ പറയുന്നുണ്ട്. 1924, 1961, 2018, 2019 വർഷങ്ങളിൽ സൂര്യഗ്രഹണം ജുലായ് 12നും ആഗസ്റ്റ് 12നും ഇടയിൽ വന്നപ്പോൾ പ്രളയമുണ്ടായി. 2020ൽ ജുൺ 21 ന് സൂര്യഗ്രഹണം വന്നപ്പോൾ മഴ കുറഞ്ഞുവെന്നും 120 വർഷത്തെ ഡേറ്റയിൽ നിന്ന് വ്യക്തമായി.''
- ഉണ്ണിക്കൃഷ്ണൻ തെക്കേപ്പാട്ട്, സ്റ്റാറ്റിസ്റ്റിക്സ് അദ്ധ്യാപകൻ, സി. അച്ചുതമേനോൻ ഗവ. കോളേജ്, കുട്ടനെല്ലൂർ
...................................................................................................
ജില്ല....മഴക്കുറവ്.............കിട്ടിയമഴ............കിട്ടേണ്ടത്
വയനാട്: 46%..................992.3മി.മീ.....................1852.9മി.മീ.
തൃശൂർ: 33%.....................1068.8..............................1606.3
ഇടുക്കി: 31%.....................1241.5............................1792.6
മലപ്പുറം: 27%....................1069.1............................1463.6
ആലപ്പുഴ: 20% ...................935.7............................1165.3
കൂടുതൽ കോഴിക്കോട്: 10 %
മൊത്തം കേരളത്തിൽ കുറവ്:15%
.......................................................................................................