കൊച്ചി: കൊവിഡും ലോക്ക്ഡൗണും മൂലം സമുദ്രോത്പന്ന വിപണി നേരിടുന്നത് കനത്ത പ്രതിസന്ധി. അസംസ്കൃതവസ്തുക്കളുടെ കുറവും തൊഴിലാളിക്ഷാമവും മൂലം കൊവിഡ്കാലത്ത് കയറ്റുമതിയിൽ 60 ശതമാനം ഇടിവുണ്ടായെന്നാണ് വിലയിരുത്തൽ. മികച്ച നേട്ടം പ്രതീക്ഷിച്ച സീസണാണ് കൊവിഡിൽ പൊലിഞ്ഞത്.
ട്രോളിംഗ് നിരോധനം പിൻവലിച്ച ശേഷം കയറ്റുമതിയിൽ ഉണർവ് പ്രതീക്ഷിച്ചെങ്കിലും കൊവിഡ് തിരിച്ചടിയായി. അമേരിക്ക, യൂറോപ്പ്, മറ്റ് ഏഷ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്ന് ഡിമാൻഡുണ്ടെങ്കിലും ആവശ്യാനുസരണം ഉത്പന്നങ്ങൾ എത്തിക്കാൻ സാധിക്കുന്നില്ല.
അസംസ്കൃതവസ്തുക്കൾക്ക് ക്ഷാമം
ലോക്ക്ഡൗണിൽ നിശ്ചലമായ കയറ്റുമതി പുനരാരംഭിച്ചതിന് പിന്നാലെയായിരുന്നു ട്രോളിംഗ് നിയന്ത്രണം. തുടർന്ന്, അന്യസംസ്ഥാന ബോട്ടുകൾ ഉൾപ്പെടെ കേരളതീരം വിട്ടു. കൊവിഡ് നിയന്ത്രണങ്ങൾ മൂലം ബോട്ടുകൾക്കും തൊഴിലാളികൾക്കും കേരളാ തീരത്തേക്ക് എത്തുന്നതിനും മത്സ്യബന്ധനത്തിനും അനുമതിയുമില്ല. മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള ഞണ്ട്, ചെമ്മീൻ, മത്സ്യം എന്നിവ എത്തിക്കാനും നിയന്ത്രണമുണ്ട്. ഇതോടെ അസംസ്കൃത വസ്തുകളുടെ ലഭ്യത കുറഞ്ഞു. കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിലെ സംസ്കരണ യൂണിറ്റുകളിലേക്ക് അസംസ്കൃത വസ്തുക്കൾ കിട്ടാതെയായി.
വലച്ച് കൊവിഡ് നിയന്ത്രണം
കടൽവിഭവ സംസ്കരണ യൂണിറ്റുകൾ പ്രവർത്തിക്കുന്ന മൂന്നു ജില്ലകളിൽ കണ്ടെയ്ൻമെന്റ് സോണുകളുടെ എണ്ണം കൂടിയത് കയറ്റുമതിയെ ബാധിച്ചു. കമ്പനികൾ പ്രവർത്തിക്കാമെങ്കിലും തൊഴിലാളികളുടെ എണ്ണം കുറഞ്ഞു; വാഹനങ്ങൾക്കും നിയന്ത്രണമുണ്ടായി. ഇത്, സംസ്കരണശേഷിയെയും ബാധിച്ചു.
''കയറ്റുമതി ഇടിഞ്ഞെങ്കിലും പ്രവർത്തനച്ചെലവ് കുറഞ്ഞിട്ടില്ല. ജീവനക്കാരെ ആശ്രയിച്ചു നിൽക്കുന്ന മേഖലയായതിനാൽ വേതനം കുറയ്ക്കാനുമാവില്ല. പ്രതിസന്ധി ഒഴിവാക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ സഹായം തേടിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികളെ സഹായിക്കാനും പദ്ധതി ആവശ്യപ്പെട്ടിട്ടുണ്ട്""
അലക്സ് നൈനാൻ
പ്രസിഡന്റ്
സീഫുഡ് എക്സ്പോർട്ടേഴ്സ് അസോസിയേഷൻ