SignIn
Kerala Kaumudi Online
Friday, 05 March 2021 9.38 AM IST

കണ്ണീർ പടരുന്ന പാടങ്ങൾ

palakkadu

ലോകം അസാധാരണമായ ഒരു പ്രതിസന്ധി ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. സമീപകാല ചരിത്രത്തിൽ ഇത്രയധികം ആളുകളുടെ ജീവിതത്തെ കീഴ്മേൽ മറിച്ച മറ്റൊരു മഹാമാരിയും ഉണ്ടായിട്ടില്ലെന്നതാണ് കൊവിഡിനെ അപകടകാരിയാക്കുന്നത്.

കൊവിഡ് എന്ന മഹാമാരി നമ്മുടെ സാമൂഹിക - സാമ്പത്തിക മണ്ഡലങ്ങളിൽ വലിയൊരു തിരിച്ചടി ഉണ്ടാക്കി കഴിഞ്ഞു. ഇനിയുണ്ടാകാൻ പോകുന്ന നഷ്ടങ്ങളുടെ വ്യാപ്തിയെ കുറിച്ച് പ്രവചിക്കുക ഈ ഘട്ടത്തിലും അസാദ്ധ്യം. ഈ പ്രതിസന്ധികൾക്കിടയിലും പിടിച്ചു നിൽക്കുന്ന ഉത്‌പാദന മേഖലകളിൽ ഒന്നാണ് കേരളത്തിലെ കാർഷികരംഗം. മഹാമാരികളുടെ കാലത്ത് ഉത്‌പാദനവും അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള ഇറക്കുമതിയും കുറഞ്ഞിട്ടും കേരളം പട്ടിണിയില്ലാതെ പിടിച്ചു നിൽക്കുന്നത് പ്രാദേശികമായ കാർഷിക ഉത്‌പാദനം വർദ്ധിച്ചതിനാലാണ്. പക്ഷേ, വിശക്കുന്ന വയറുകളെ ഊട്ടുന്ന കർഷകർ ഇപ്പോഴും വറുതിയിലാണ്.

സമൂഹത്തിന്റെയും സമ്പദ്‌വ്യവസ്ഥയുടെയും നട്ടെല്ലാകേണ്ട കാർഷിക മേഖലയിൽ നിന്ന് പൊഴിയുന്ന കണ്ണീരിന്റെ പ്രധാന കാരണം ഈ മേഖലയിൽ നടപ്പാക്കുന്ന നയങ്ങളുടെ വൈകല്യമാണ്. സർക്കാരിന്റെ ചുവപ്പുനാടകളിൽ പദ്ധതികൾ പലതുണ്ടെങ്കിലും ഒന്നും കർഷകരിലേക്ക് എത്തുന്നില്ലെന്നതാണ് യാഥാർത്ഥ്യം.

ഒരിടവേളയ്ക്ക് ശേഷം പാലക്കാട് ജില്ലയിൽ ചിറ്റൂർ,ആലത്തൂർ, മണ്ണാർക്കാട്, പട്ടാമ്പി മേഖലകളിൽ നെൽപാടങ്ങൾ സജീവമാക്കുകയാണ്. ഒന്നാംവിള കൊയ്ത്ത് ഈ മാസം ആദ്യം നടക്കും. ശേഷം, അടുത്ത വിളവിന് ഞാറുപാകി നടീലിനായുള്ള തയ്യാറെടുപ്പു നടത്തും. പക്ഷേ, എല്ലാവർക്കും പറയാനുള്ളത് ഇല്ലായ്മയുടെ കഥകൾ മാത്രമാണ്.

തൊഴിൽ ബാങ്ക് എന്ന് നടപ്പാക്കും

ലോക്ക് ഡൗണിനെ തുടർന്ന് തൊഴിൽ മേഖലയിലുണ്ടായ പ്രതിസന്ധിയാണ് ഇന്നാട്ടിലെ കർഷകരെ ഏറെ വലയ്ക്കുന്നത്. സമീപകാലത്തായി ജില്ലയിലെ പാടശേഖരങ്ങളിൽ കൂടുതലും അന്യസംസ്ഥാന തൊഴിലാളികളാണ് വിത്തുപാകലും ഞാറുനടലുമൊല്ലാം. ലോക്ക് ഡൗണിനെ തുടർന്ന് ഇവരിൽ ഭൂരിഭാഗം പേരും സ്വന്തം നാടുകളിലേക്ക് മടങ്ങിയതോടെ തൊഴിലാളി ക്ഷാമവും രൂക്ഷമായി. പ്രാദേശിക കർഷകത്തൊഴിലാളികളെ പല പ്രദേശത്തും ലഭിക്കുന്നില്ല. അവരെല്ലാം തൊഴിലുറപ്പു ജോലികളിലേക്ക് നീങ്ങിയതോടെ പാടിത്തിറങ്ങാതെയായി. തദ്ദേശീയരായ തൊഴിലാളികൾക്ക് കൂലി കൂടുതലായതിനാൽ കൃഷി ചെലവേറിയതായി മാറുകയും ചെയ്യും. ഈ സാഹചര്യങ്ങളെ മറിക്കടക്കാനാണ് ആസൂത്രിതമായ തൊഴിൽബാങ്ക് എന്ന ആശയം കാലങ്ങൾക്ക് മുന്നേ മുന്നോട്ടുവച്ചത്. പക്ഷേ, ഈ ആവശ്യം ഇനിയും സർക്കാരിന്റെ മുൻഗണനയിൽ വന്നിട്ടില്ലെന്നതാണ് യാഥാർത്ഥ്യം.

കൊയ്‌ത്ത് യന്ത്രങ്ങൾ

ലഭ്യമാക്കണം

നെൽകൃഷിയിലെ യന്ത്രവത്‌കരണം നടപ്പാകുന്നുണ്ടെങ്കിലും യന്ത്രങ്ങളുടെ ലഭ്യതയാണ് ഇപ്പോഴത്തെ പ്രശ്നം. തമിഴ്‌നാട്ടിൽ നിന്നാണ് പാലക്കാട്ടെ വിവിധ മേഖലകളിലേക്ക് കൊയ്‌ത്ത് യന്ത്രങ്ങൾ പ്രധാനമായും വരുന്നത്. കൊവിഡിനെ തുടർന്ന് യാത്രാതടസം നിലനിൽക്കുന്നതും വലിയ തിരിച്ചടിയാണ്. തമിഴ്നാട്ടിൽ നിന്നെത്തുന്ന ഡ്രൈവർമാർ, സഹായികൾ എന്നിവർ ഉൾപ്പെടെ കൊവിഡ് പരിശോധന നടത്തി ക്വാറന്റൈനിൽ ഇരിക്കാനുള്ള സംവിധാനം സർക്കാർ തലത്തിൽ ഉറപ്പാക്കണമെന്നാണ് ദേശീയകർഷക സമാജം പോലുള്ള സംഘടനകളുടെ ആവശ്യം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുൻകാലങ്ങളിൽ വാങ്ങിയ യന്ത്രങ്ങൾ പലതും ഉപയോഗശൂന്യമായി കിടക്കുകയാണ്. നെല്ല് സമയത്ത് കൊയ്‌തെടുക്കാനായില്ലെങ്കിൽ ഉണ്ടായേക്കാവുന്ന വിളനഷ്ടത്തെ കുറിച്ചുള്ള ആശങ്കയിലാണ് ഭൂരിഭാഗം കർഷകരും.

' നിറ 'പദ്ധതി

നല്ല മാതൃക

കെ.ഡി.പ്രസേനൻ എം.എൽ.എയുടെ നേതൃത്വത്തിൽ ആലത്തൂർ മണ്ഡലത്തിലെ പാടശേഖരങ്ങളിൽ മിതമായ നിരക്കിൽ കൊയ്ത്ത് യന്ത്രങ്ങൾ നൽകുന്ന നിറ പദ്ധതി മാതൃകാപരമാണ്. ഇടനിലക്കാരില്ലാതെയാണ് കർഷകർക്ക് കൊയ്‌ത്ത് യന്ത്രങ്ങൾ വിട്ടുനൽകുന്നത്. ഇതുപോലെ നെല്ല് സംഭരണത്തിലെ ചൂഷണങ്ങൾ ഒഴിവാക്കാനും ഇടപെടലുകൾ അനിവാര്യമാണ്.

സർക്കാർ ആനൂകൂല്യം

ഒരു പാഴ് വാക്ക്

രണ്ടാം വിളവിന് തയാറെടുക്കുന്നവർ ഇത്തവണ വലിയ വിലകൊടുത്താണ് വിത്ത് വാങ്ങിയത്. വിത്തിന് തദ്ദേശസ്ഥാപനങ്ങൾ നൽകുന്ന സബ്‌സിഡി കുറച്ചതാണ് കാരണം. ഒരു കിലോയ്ക്ക് ശരാശരി 40 രൂപ നൽകിയാണ് കർഷകർ വിത്തു വാങ്ങുന്നത്. വിത്ത് മുതൽ പൂട്ട് കൂലി വരെ സർക്കാർ സബ്‌സിഡി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇതൊന്നും യഥാസമയം കർഷകരിലേക്ക് എത്തുന്നില്ല. വിളവെടുപ്പിന് ശേഷം നെല്ല് വിൽക്കുമ്പോഴും കർഷകർ ചൂഷണം ചെയ്യപ്പെടുന്നു. മാറിമാറി വന്ന സർക്കാരുകൾ ഈ മേഖലയിലെ ചൂഷണങ്ങളെ നിയന്ത്രിക്കാൻ ക്രിയാത്മകമായി ഇടപ്പെട്ടിട്ടില്ല. സർക്കാർ തലത്തിൽ സംഭരിക്കുന്ന നെല്ലിന്റെ പണം ലഭിക്കാൻ തന്നെ സമയമെടുക്കുമ്പോൾ കർഷകർ ആരോട് പരാതി പറയും.
ആനുകൂല്യങ്ങളുടെ കണക്കെടുത്താൽ കൃഷിയോളം ലാഭമുള്ള മറ്റൊരു മേഖലയില്ല. എന്നാൽ യാഥാർത്ഥ്യം മറിച്ചാണ്. അർഹരിലേക്കെത്താതെ പോകുകയോ യഥാസമയം ലഭിക്കാതെ പോകുകയോ ചെയ്യുന്ന ആനുകൂല്യങ്ങൾ തന്നെയാണ് പ്രധാന പ്രശ്നം. ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്ത് കർഷകരെ ആകർഷിക്കുകയും അവ യഥാസമയം നൽകാതെ അവരെ നിരാശരാക്കുകയും ചെയ്യുന്ന സർക്കാർ നിലപാടുകൾ തിരുത്തപ്പെടേണ്ടതാണ്.


കൃഷി ആദായകരമാവണം

കാർഷികാനുബന്ധ മേഖലകൂടി വികസിച്ചാലേ വരും നാളുകളിൽ നമുക്ക് പ്രതിസന്ധികളെ തരണം ചെയ്യാൻ സാധിക്കുകയുള്ളൂ. കാർഷിക ഉത്‌പന്നങ്ങളെ മൂല്യവർധിത ഉത്‌പന്നങ്ങളാക്കി മാറ്റുന്ന സമാന്തര ശ്രേണി നമുക്ക് അത്യാവശ്യമാണ്. അതിന് നമുക്ക് ക്യൂബൻ മാതൃക പിന്തുടരാം. കർഷകർക്ക് വരുമാനം വർദ്ധിപ്പിക്കുന്നതിനും ജനങ്ങൾക്ക് വ്യത്യസ്തമായ ഉൽപന്നങ്ങൾ നാട്ടിൽ തന്നെ ലഭിക്കുന്നതിനും ഇത്തരം മാതൃകകൾ ഗുണം ചെയ്യും.
നാട്ടിൽ മടങ്ങിയെത്തിയ പ്രവാസികൾക്ക് പ്രോത്‌സാഹനം നൽകി കാർഷിക മേഖലയെ വീണ്ടെടുക്കാനുള്ള ഈ സർക്കാരിന്റെ തീരുമാനത്തിനും പ്രവർത്തനങ്ങൾക്കും വരുംവർഷങ്ങളിലും ഒരു തുടർച്ച ആവശ്യമാണ്. കൂടാതെ പ്രാദേശിക തലങ്ങളിൽ പ്രവർത്തിക്കുന്ന പാടശേഖര സമിതികളെ ശക്തിപ്പെടുത്തുകയും കർഷകർക്കുള്ള ആനുകൂല്യങ്ങൾ ലഭ്യമാക്കുകയും ചെയ്താൽ നമ്മുടെ നാട്ടിലും കൃഷി ആദായകരമാകും.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KANNEER PADARUM PADAM
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.