കോട്ടയം: ജനകീയ കൂട്ടായ്മയിലൂടെ കേരളത്തിന് മാതൃകയായ മീനച്ചിലാർ മീനന്തലയാർ കൊടുരാർ പുനർ സയോജന പദ്ധതി മൂന്നാം വർഷത്തിൽ എത്തുമ്പോൾ ഇനി ലക്ഷ്യമിടുന്നത് നദീമുഖത്തും കായലിലും അടിഞ്ഞു കൂടിയ എക്കൽ നീക്കിയുള്ള വേമ്പനാട്ടു കായൽ ശുദ്ധീകരണം.
ചെറുപാലങ്ങൾ പൊളിക്കും , ഉൾനാടൻ ടൂറിസം വളർത്തും
വേമ്പനാട്ടുകായലിലേക്ക് നേരിട്ട് ബന്ധപ്പെടുന്ന തോടുകളിലെ ചെറു പാലങ്ങൾ പൊളിച്ചു മാറ്റി വെള്ളമൊഴുക്ക് സുഗമമാക്കും. വള്ളങ്ങളും ബോട്ടുകളും കടന്നു പോകാൻ കഴിയും വിധം പുതിയ പാലം നിർമിച്ച് ഉൾനാടൻ ടൂറിസ മേഖലയാക്കും. എക്കൽ അടിയുന്ന ഇടങ്ങൾ യന്ത്ര സഹായത്തോടെ തെളിച്ച് ഉൾതോടുകളിൽ വേലിയേറ്റ, വേലിയിറക്ക സമയത്ത് പരമാവധി വെള്ളമെത്തിക്കും.
25 കിലോമീറ്റർ കായൽ ഫ്രണ്ടേജ് റോഡ്
മീനച്ചിലാറിന്റെയും കൊടുരാറിന്റെയും പതനസ്ഥാനമായ പഴുക്കാ നിലക്കായലിൽ എക്കൽ അടിഞ്ഞുണ്ടായ തുരുത്ത് നീക്കം ചെയ്യും. ജെ.ബ്ലോക്ക് 900, തിരുവായ്ക്കരി പാടശേഖരം, ആറായിരം കായൽ നിലം എന്നിവയ്ക്ക് ചുറ്റുമായി 25 കിലോമീറ്റർ നീളത്തിൽ കായൽ ഫ്രണ്ടേജ് റോഡ് നിർമിക്കും. കായലിലേക്ക് വെള്ളമൊഴുക്കുന്ന എല്ലാ മുഖാരവവും തെളിക്കും. വെള്ളപ്പൊക്ക നിവാരണത്തിന് തണ്ണീർമുക്കം ബണ്ടിന്റെ ഇരുഭാഗത്തുമുള്ള കായലിലെ ചെളി നീക്കി കടലിലേക്ക് നീരൊഴുക്ക് ശക്തിപ്പെടുത്തും. കുട്ടനാട്ടിലെ ബണ്ടുകൾ ബലപ്പെടുത്തുന്നതിന് ഈ ചെളി ഉപയോഗിക്കും.
3 നദികളുമായി ബന്ധപ്പെട്ട് 1500 കി.മീറ്റർ തോടു തെളിച്ചു.
4500 ഏക്കർ തരിശുനിലത്ത് നെൽകൃഷി ആരംഭിക്കാനായി
ആയിരം ഏക്കർ നിലത്തിൽ കൂടി രണ്ടാം കൃഷിക്ക് പദ്ധതി.
പത്തിടങ്ങളിൽ സായാഹ്ന വിശ്രമ കേന്ദ്രങ്ങളായി
അഞ്ച് ജല ടൂറിസം പദ്ധതികൾ തുടങ്ങാൻ കഴിഞ്ഞു
289 തോടുകളിൽ ഫലപ്രദമായ ജനകീയ ഇടപെടൽ നടത്തി .
107 കോടി അനുവദിച്ചു
കോട്ടയം: പഴുക്കാനിലകായൽ ശുചീകരണ പദ്ധതിയ്ക്ക് 107 കോടി രൂപയുടെ ഭരണാനുമതി നൽകിയതായി ധനമന്ത്രി ഡോ. ടി. എം. തോമസ് ഐസക് അറിയിച്ചു. മീനച്ചിലാർ മീനന്തറയാർ കൊടൂരാർ നദീ പുനര്സംയോജനപദ്ധതിയുടെ മൂന്നാം വാർഷികത്തോടനുബന്ധിച്ച് ഹരിതകേരളം മിഷൻ സംഘടിപ്പിച്ച വെബിനാർ ഉദഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി പ്രഖ്യാപിച്ച നൂറ് ദിവസത്തെ വികസന പദ്ധതിയിൽപ്പെടുത്തി രണ്ടാം കുട്ടനാടൻ പാക്കേജിന്റെ ഭാഗമായി പദ്ധതി നടപ്പാക്കും. ഹരിതകേരളം മിഷൻ സംസ്ഥാന വൈസ് ചെയർപേഴ്സൺ ഡോ. ടി എൻ സീമ അദ്ധ്യക്ഷയായിരുന്നു. നദീ പുനർസംയോജന പദ്ധതി കോ ഒാർഡിനേറ്റർ അഡ്വ. കെ അനിൽകുമാർ സംസാരിച്ചു.
"അഞ്ചു കോടിയിലേറെ രൂപ ജലവിഭവവകുപ്പ് ഇതിനകം ചെലവഴിച്ചു, സംസ്ഥാന സർക്കാർ സഹായമായി 20 കോടി രൂപ നടപ്പു വർഷത്തിൽ നീക്കി വച്ചിട്ടുണ്ട്. ജലപാതകളുടെ സംരക്ഷണം, മാലിന്യ രഹിതമാക്കൽ, അനധികൃത നിർമ്മാണങ്ങൾ നീക്കൽ, ജനകീയ ജലടൂറിസം എന്നിവയിലൂടെ ഉദ്യോഗസ്ഥ ജനകീയ സഹകരണം ശക്തിപ്പെടുത്തുകയാണ് ഇനിയുള്ള ലക്ഷ്യം."
അഡ്വ. കെ.അനിൽ കുമാർ
കോ ഒാർഡിനേറ്റർ