മാനന്തവാടി: ആശുപത്രി ലേബർ റൂമിൽ പ്രവേശിപ്പിച്ച ആദിവാസി യുവതി ബാത്ത്റൂമിൽ പ്രസവിച്ചു. കുഞ്ഞോം കല്ലറ കോളനിയിലെ മുത്തു (20) ആണ് ബാത്ത്റൂമിൽ വെച്ച് കുഞ്ഞിന് ജന്മം നൽകിയത്. ജില്ലാ ആശുപത്രിയുടെ സാറ്റലൈറ്റ് സെന്ററായ മാനന്തവാടി സെന്റ് ജോസഫ്സ് മിഷൻ ആശുപത്രിയിലാണ് സംഭവം. കഴിഞ്ഞ ദിവസമാണ് പ്രസവ വേദനയെ തുടർന്ന് മുത്തുവിനെ ആശുപത്രിയിലെത്തിച്ചത്. ഉടൻതന്നെ യുവതിയെ ലേബർ റൂമിലേക്ക് മാറ്റുകയായിരുന്നു. ബാത്ത്റൂമിൽ പോകണമെന്ന് ആവശ്യപ്പെട്ട യുവതി ബാത്ത്റൂമിൽ കയറി വാതിൽ കുറ്റിയിടുകയും ചെയ്തു. പിന്നീട് കേട്ടത് കുട്ടിയുടെ കരച്ചിലായിരുന്നു. ഉടൻ നഴ്സുമാർ എത്തി വാതിൽ തുറന്നപ്പോൾ കൈയ്യിൽ കുഞ്ഞുമായി നിൽക്കുന്ന യുവതിയെയാണ് കണ്ടത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു.