ന്യൂഡൽഹി: അതിർത്തിയിൽ ആവർത്തിക്കുന്ന ചൈനീസ് പ്രകോപനത്തിൽ നിലപാട് കടുപ്പിച്ച ഇന്ത്യയെ ചൈന നേരിട്ട് ചർച്ചയ്ക്ക് ക്ഷണിച്ചതോടെ റഷ്യയിൽ ഇരു രാജ്യങ്ങളുടെയും പ്രതിരോധമന്ത്രിമാർ തമ്മിൽ കൂടിക്കാഴ്ച നടന്നു.
റഷ്യയിൽ ഷാങ്ഹായ് സഹകരണ രാജ്യങ്ങളിലെ പ്രതിരോധമന്ത്രിമാരുടെ സമ്മേളനത്തിനിടെ ഇന്നലെ രാത്രി ഇന്ത്യൻ സമയം 9.30നാണ് ചർച്ച നടന്നത്.
പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിനെ വ്യാഴാഴ്ച ചൈനീസ് പ്രതിരോധമന്ത്രി വീ ഫെംഗെയാണ് ചർച്ചയ്ക്ക് ക്ഷണിച്ചെങ്കിലും ചൈനയുമായി റഷ്യയിൽ ചർച്ച നടത്തില്ലെന്നായിരുന്നു ഇന്ത്യയുടെ ആദ്യ നിലപാട്. ഷാങ്ഹായി സമ്മേളനം ഇന്ന് തീരാനിരിക്കെയാണ് ചൈനയുടെ ക്ഷണം വീണ്ടും വന്നത്. ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗിന്റെ നേതൃത്വത്തിൽ പട്ടാളത്തെ നിയന്ത്രിക്കുന്ന കേന്ദ്ര മിലിട്ടറി കമ്മിഷനിലെ നാല് അംഗങ്ങളിൽ ഒരാളാണ് വീ ഫെംഗെ.
മേയിൽ വടക്കൻ ലഡാക് അതിർത്തിയിൽ സംഘർഷം ഉടലെടുത്ത ശേഷം ഇരുരാജ്യങ്ങൾക്കുമിടയിൽ നടക്കുന്ന നിർണായക ചർച്ചയാണിത്. നേരത്തെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ചൈനീസ് വിദേശകാര്യ മന്ത്രി വാംഗ് യിയും തമ്മിൽ ഫോണിൽ ചർച്ച നടത്തിയിരുന്നു.
ഇന്ത്യ പൂർണ സജ്ജം: കരസേനാ മേധാവി
ചൈനീസ് അതിർത്തിയിലെ ഗുരുതരമായ സാഹചര്യം കണക്കിലെടുത്ത് ഇന്ത്യൻ സേന എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്ന് കരസേനാ മേധാവി ജനറൽ എം.എം. നരാവനെ പറഞ്ഞു. സേനാവിന്യാസം വിലയിരുത്താൻ ലഡാക് മേഖലയിൽ നടത്തിയ രണ്ടു ദിവസത്തെ സന്ദർശനത്തിൽ ജവാൻമാരുടെ ആത്മവിശ്വാസം നേരിട്ടു മനസിലായി. നമ്മുടെ ജവാൻമാർ ഏറ്റവും മികച്ചതാണ്. ഏത് വെല്ലുവിളിയും നേരിടാൻ അവർ തയ്യാറാണ്. അതിർത്തിയിൽ ഒരു മാറ്റവും വരുത്താൻ ആർക്കും സാധിക്കില്ല.
ഐ.ടി.ബി.എഫ് മേധാവിയും ലഡാക്കിൽ
ചൈനയുമായുള്ള അതിർത്തി കാക്കുന്ന ഇൻഡോ - ടിബറ്റൻ ബോർഡർ ഫോഴ്സിന്റെ (ഐ.ടി.ബി.എഫ്) മേധാവി എസ്.എസ്. ദേസ്വാൾ ആറുദിവസം ലഡാക്കിൽ ചെലവിട്ട് സ്ഥിതിഗതികൾ വിലയിരുത്തി. വടക്കൻ ലഡാക്കിൽ സബ്സെക്ടർ നോർത്തിനും സബ് സെക്ടർ സൗത്തിനുമിടയിൽ 5000 ഐ.ടി.ബി.എഫ് സേനാംഗങ്ങൾ കാവലിനുണ്ട്.
പാകിസ്ഥാന് റഷ്യ ആയുധം നൽകില്ല
ഇന്ത്യയുടെ അഭ്യർത്ഥന മാനിച്ച്, പാകിസ്ഥാന് ആയുധങ്ങൾ നൽകില്ലെന്ന് റഷ്യയുടെ ഉറപ്പ്. റഷ്യയിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും റഷ്യൻ പ്രതിരോധ മന്ത്രി ജനറൽ സെർജി ഷൊയ്ഗുവും തമ്മിൽ നടത്തിയ ചർച്ചയിലാണ് ധാരണ. ഇന്ത്യ-റഷ്യ പ്രതിരോധ സഹകരണം വിപുലപ്പെടുത്താനും തീരുമാനിച്ചു.
"മേഖലയിൽ സമാധാനം നിലനിറുത്താൻ പരസ്പര വിശ്വാസത്തിന്റെയും അക്രമരാഹിത്യത്തിന്റെയും അന്തരീക്ഷം വേണം"
പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്
(റഷ്യയിൽ ചേർന്ന പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ)