ആലുവ: നൂറു ശതമാനം കാഴ്ച്ചയില്ലാത്ത സുശീല ടീച്ചർ ആദ്യമായി സ്കൂളിന്റെ പടിചവിട്ടിയത് 23-ാമത്തെ വയസിൽ. അദ്ധ്യാപികയായിട്ടല്ല, വിദ്യാർത്ഥിനിയായി. പിന്നീട് അന്ധതയെ വെല്ലുവിളിച്ചാണ് ഉയർന്ന മാർക്കോടെ എം.എ, ബി.എഡ് ബിരുദങ്ങൾ വരെ നേടിയത്.
കുട്ടമശേരി ഗവ. ഹൈസ്കൂളിലെ മലയാളം അദ്ധ്യാപികയായ പി.എം. സുശീല ടീച്ചർ ഇപ്പോൾ വിദ്യാർത്ഥികളുടെ പ്രിയപ്പെട്ടവളാണ്.
മാനന്തവാടി തലപ്പുഴ മുണ്ടൻപറമ്പിൽ പരേതരായ പരമേശ്വരന്റെയും തങ്കമ്മയുടെ ഏഴ് മക്കളിൽ മൂന്നാമത്തെയാളായിരുന്നു. മാതാപിതാക്കൾക്കും സഹോദരങ്ങൾക്കുമൊന്നും കാഴ്ച്ച വൈകല്യമുണ്ടായിരുന്നില്ല.
സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടർന്ന് 23 -ാം വയസിൽ പിതൃസഹോദര പുത്രൻ സുശീലയെ തോട്ടുമുഖം ശ്രീനാരായണ ഗിരിയിൽ എത്തിച്ചു. ഗിരിയിലെത്തിയ ശേഷമാണ് കേരള ഫെഡറേഷൻ ഒഫ് ബ്ളൈന്റിന്റെ കീഴിൽ പോത്താനിക്കാട് പ്രവർത്തിക്കുന്ന അന്ധവനിത പുരധിവാസ കേന്ദ്രത്തിൽ കെെതൊഴിൽ പരിശീലനത്തിന് ചേർന്നത്.
പിന്നെ18 വയസ് പൂർത്തിയായവർക്കുള്ള എസ്.എസ്.എൽ.സി പരീക്ഷക്കായി തയ്യാറെടുത്തു. 276 മാർക്കോടെ ആദ്യലക്ഷ്യം വിജയിച്ചു. ആലുവ സെന്റ് സെവ്യേഴ്സ് കോളേജിൽ നിന്നും പ്രീ ഡിഗ്രിയും ബി.എ മലയാളവും നേടി. യു.സി കോളേജിൽ നിന്നും എം.എയും , കാലിക്കറ്റ് ഫറൂഖ് ബി.എഡ് കോളേജിൽ നിന്നും ബി.എഡും പിന്നാലെ വന്നു.
2004ൽ ചെങ്ങമനാട് യു.പി സ്കൂളിൽ അദ്ധ്യാപികയായി. കുട്ടമശേരി സ്കൂളിൽ ജോലി ചെയ്യവെ ഹൈസ്കൂൾ അദ്ധ്യാപികയായി. 2013 മുതൽ കുട്ടമശേരി സ്കൂളിലാണ്.
കാഴ്ച്ചയില്ലാത്തതിന്റെ ആശങ്ക ആദ്യകാലങ്ങളിൽ ഉണ്ടായിരുന്നു. ഇപ്പോൾ യാതൊരു വിഷമവുമില്ല. സാധാരണ അദ്ധ്യപരുടേത് പോലെ ക്ളാസെടുക്കും. ശ്രീനാരായണ ഗിരിയാണ് തനിക്ക് ജീവിതം നൽകിയതെന്ന് ടീച്ചർ പറയുന്നു.