വാഷിംഗ്ടൺ: മുൻ അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമയും ഭാര്യ മിഷേലും ലോകത്തിന് മുന്നിൽ മാതൃകാ ദമ്പതികളാണ്. എന്നാൽ,
മിഷേൽ ഒബാമ പോഡ്കാസ്റ്റ് എന്ന പരിപാടിയിൽ അമേരിക്കൻ ടെലിവിഷൻ അവതാരകനായ കോനൻ ഓ ബ്രെയ്നുമായുള്ള സംഭാഷണത്തിനിടെ തങ്ങൾക്കിടയിലും അസ്വാരസ്യങ്ങൾ ഉണ്ടാകാറുണ്ട് എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മിഷേൽ.
തന്റെ ഇൻസ്റ്റഗ്രാമിൽ പോഡ്കാസ്റ്റിന്റെ ഒരു ഭാഗം പോസ്റ്റു ചെയ്തുകൊണ്ട് മിഷേൽ ഇങ്ങനെ കുറിച്ചു.
'ഈ വീഡിയോ വിവാഹത്തെ പറ്റിയാണ്, പലർക്കും എല്ലാ കാഴ്ചപ്പാടുകൾക്കും ഒരു ഉറവിടമുണ്ട്. സ്വന്തം വിവാഹവും അതിലെ അനുഭവങ്ങളും നമ്മുടെ മാതാപിതാക്കളുടേത് പോലെ തന്നെയാണ് നമ്മളും പ്രതിഫലിപ്പിക്കുക. ഒപ്പം സത്യസന്ധതയെയും വിശ്വാസ്യതയെയും പറ്റി പറയാനും ഞാൻ ആഗ്രഹിക്കുന്നു.
പരസ്പരം താങ്ങായി നിൽക്കാനാവാത്ത കാലങ്ങൾ എല്ലാവർക്കുമുണ്ടാവും. ചിലപ്പോൾ ബറാക്കിനെ ഒരു ജനലിലൂടെ തള്ളി താഴെയിട്ടാലോ എന്ന് വരെ ഞാൻ ആലോചിച്ചിട്ടുണ്ട്. ഇത് ഞാനിപ്പോൾ പറയാൻ കാരണം, ഉള്ളിൽ നിന്നുണ്ടാകുന്ന അത്തരം വികാരങ്ങളെ നാം തിരിച്ചറിയണം. ഇത് ചിലപ്പോൾ നീണ്ടു നിന്നേക്കാം, വർഷങ്ങളോളം എങ്കിലും അതേപറ്റി പരസ്പരം തുറന്നു സംസാരിക്കാൻ കഴിഞ്ഞെന്നു വരില്ല.-' മിഷേൽ പറഞ്ഞു.
ചെറുപ്പക്കാർ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ ആദ്യം തന്നെ ചിന്തിക്കുക തങ്ങൾ ബ്രേക്ക് അപ്പായി എന്നാണ്. അങ്ങനെയെങ്കിൽ, ഞങ്ങൾ ഇരുവരും എത്രതവണ പിരിയേണ്ടി വന്നേനെ. ഞങ്ങളുടേത് വളരെ ഉറപ്പുള്ള കുടുംബജീവിതമായിരുന്നു. ഒരിക്കലും അത് തകരാൻ ഞങ്ങൾ അനുവദിച്ചിരുന്നില്ല. കഷ്ടതകൾ വന്നപ്പോൾ ഞാൻ തിരിഞ്ഞു നടന്നിരുന്നെങ്കിൽ പിന്നീടു വന്ന സന്തോഷ നിമിഷങ്ങൾ എനിക്ക് ലഭിക്കുമായിരുന്നില്ല. - മിഷേൽ കൂട്ടിച്ചേർത്തു.
തന്റെ പ്രണയ കഥ ആദ്യ എപ്പിസോഡിൽ മിഷേൽ പറഞ്ഞിരുന്നു. അന്ന് അതിഥിയായി ഒബാമയും എത്തിയിരുന്നു.