പള്ളുരുത്തി: ഒരു അദ്ധ്യാപക ദിനം കൂടി കടന്നു പോകുമ്പോൾ രാജം ടീച്ചറുടെ മനസിൽ നൂറുകണക്കിന് ശിഷ്യഗണങ്ങളുടെ മുഖങ്ങൾ മിന്നിമായുകയാണ്.
32 വർഷത്തെ അദ്ധ്യാപക ജീവിതത്തിനു ശേഷം പള്ളുരുത്തി എസ്.ഡി.പി.വൈ സ്ക്കൂളിൽ നിന്നും മലയാളം അദ്ധ്യാപിക രാജം ടീച്ചർ പടിയിറങ്ങുമ്പോൾ കുറെ നല്ല ഓർമ്മകളും കൂടെ മക്കളെപ്പോലെ സ്നേഹിക്കുന്ന ശിഷ്യരുമാണ് കൂടെയിറങ്ങിയത്.
പൂർവവിദ്യാർത്ഥി സംഗമം ഫാഷനാകും മുമ്പ് പഴയ കുട്ടികളും ടീച്ചറും പതിവായി സംഗമിച്ചു.
പഴയ കുട്ടികൾ ആവശ്യങ്ങൾ വിളിച്ചാൽ ടീച്ചറും മക്കളും ഒരുമിച്ചാണ് യാത്ര. സഹായങ്ങൾ ഇവർ ഒരുമിച്ച് കൈമാറും. കേരളത്തിൽ സ്ക്കൂൾ പഠനത്തിന് ശേഷം ആദ്യമായി ഒത്തുകൂടിയത് ടീച്ചറും മക്കളുമായിരുന്നു. വർഷം രണ്ടു തവണയാണ് പ്രസിദ്ധമായ ആ സംഗമം. ധീര ജവാൻമാരെ ആദരിക്കൽ, കുറ്റകൃത്യങ്ങൾ തെളിയിക്കുന്ന പൊലീസ് ഉദ്യോഗസ്ഥൻമാരെ സ്റ്റേഷനിൽ ചെന്ന് അഭിനന്ദിക്കൽ, കിടപ്പ് രോഗികൾക് സഹായം, എം.കെ.അർജുനൻ മാഷ് മരിക്കും വരെ എല്ലാ ജന്മദിനത്തിലും അദ്ദേഹത്തിന്റെ വസതിയിൽ എത്തി ഗാനം ആലപിക്കൽ, സദ്യ ഉണ്ണൽ തുടങ്ങി പലവിധ പരിപാടികളുമായാണ് സംഘത്തിന്റെ മുന്നോട്ട് പോക്ക്.
അന്നത്തെ തല തെറിച്ച പിള്ളേർ ഇന്ന് ഉന്നത പദവികളിലെത്തി. ഏറെപ്പേർ വിദേശത്തുണ്ട്. പൊലീസിലും നേവിയിലും ജോലിയുള്ളവരും നിരവധി.
കൊവിഡ് കാരണംഎട്ട് മാസമായി ടീച്ചറും മക്കളും ഒത്തുകൂടിയിട്ടില്ല. മഹാമാരി കഴിഞ്ഞ് മഹാസംഗമം തന്നെ നടത്താനാണ് സംഘത്തിന്റെ പ്ളാൻ.
ടീച്ചർമാർക്ക് എന്നും തലവേദനയായ തലതെറിച്ച പിള്ളേരുള്ള 10 ബി രാജം ടീച്ചർ പുല്ലുപോലെ കൈകാര്യം ചെയ്തു. വർഷം തോറും മാറിമാറി വന്ന വിരുത്മാർ ടീച്ചർക്കു മുന്നിൽ മുയലുകളെപ്പോലൊതുങ്ങി.
പത്താം ക്ളാസിലെ ഗ്രൂപ്പ് ഫോട്ടോയ്ക്ക് നിൽക്കാൻ കുട്ടികൾക്കൊപ്പം രാജം ടീച്ചർമാത്രമേ ഉണ്ടായിരുന്നുള്ളൂ. വിനോദയാത്രയിൽ നിന്നും ക്ളാസ് എന്നും പുറത്ത് നിന്നു. സ്നേഹം കൊണ്ടേ ഇവരെ വരുതിയിലാക്കാനാവൂ എന്ന് അന്നേ കരുതി. ആ സമീപനം വിജയവും കണ്ടു. മക്കളെ പോലെയായിരുന്നു രാജം ടീച്ചർക്ക് കുട്ടികൾ. സ്കൂൾ പഠനം കഴിഞ്ഞും അവർ ടീച്ചറെ തേടിവന്നു.
വിദ്യാർത്ഥികളെ നേരെയാക്കാൻ അന്നത്തെ പള്ളുരുത്തി എസ്.ഐ.കെ.ലാൽജി(ഇന്നത്തെ എറണാകുളം അസി.കമ്മീഷ്ണർ ) ഒരു പാട് പങ്ക് വഹിച്ചതായി ടീച്ചർ ഓർക്കുന്നു.