ബീജിംഗ് : ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുടെ പെട്ടെന്നുള്ള നോർവേ സന്ദർശനമാണ് ഇപ്പോഴത്തെ സംസാരവിഷയം. വെറുമൊരു സൗഹൃദ സന്ദർശനത്തിനായല്ല വാങ് യി നോർവേയിലെത്തിയത്. ഓസ്ളോയിലുള്ള നൊബേൽ പുരസ്കാര കമ്മിറ്റിയെ വിരട്ടാനാണ്.
ഹോങ്കോംഗ് ആക്ടിവിസ്റ്റിന് സമാധാനത്തിനുള്ള നൊബേൽ സമ്മാനം കൊടുക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നാണ് വാങ് യി കമ്മിറ്റിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
'ചൈനയിലെ ആഭ്യന്തര വിഷയങ്ങളെ പ്രകോപിപ്പിക്കും വിധമുള്ള പുരസ്കാരങ്ങൾ ഒന്നും അനുവദിക്കാൻ കഴിയില്ലെന്നാണ്' വാദം.
വരുന്ന ഒക്ടോബർ 9നാണ് നൊബേൽ പുരസ്കാരങ്ങൾ പ്രഖ്യാപിക്കുക. ചൈനീസ് ആക്ടിവിസ്റ്റായ ലിയു സിയോബോ, ടിബറ്റൻ ആത്മീയ നേതാവ് ദലൈ ലാമ എന്നിവരാണ് ഇതിനു മുൻപ് സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം നേടിയ ചൈനക്കാർ. 2019 ജൂണിൽ നടന്ന ജനാധിപത്യ പ്രക്ഷോഭത്തിന് നേതൃത്വം നൽകിയതിനാണ് ഹോങ്കോംഗ് ആക്ടിവിസ്റ്റിന് സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം നൽകാൻ നീക്കം നടക്കുന്നത്.ഏഴുമാസം നീണ്ട സമരത്തിൽ 9000ത്തോളം പേരാണ് അറസ്റ്റിലായത്.