ടോക്കിയോ: 6,000 ത്തോളം കന്നുകാലികളും 43 ജീവനക്കാരുമായി ന്യൂസിലൻഡിൽ നിന്ന് ചൈനയിലേക്ക് പുറപ്പെട്ട ജാപ്പനീസ് ചരക്കു കപ്പലായ ദി ഗൾഫ് ലൈവ്സ്റ്റോക്ക് 1 മുങ്ങിയതായി റിപ്പോർട്ട്. കിഴക്കൻ ചൈനാക്കടലിൽ വീശിയ മേസാക് ചുഴലിക്കാറ്റിനെ തുടർന്ന് എൻഞ്ചിൻ തകാരാറായതിനെ തുടർന്നാണ് അപകടം. ചുഴലിക്കാറ്റിനെത്തുടർന്ന് അതിശക്തമായ കാറ്റും കടൽക്ഷോഭവും അനുഭവപ്പെട്ടിരുന്നു. ഇതാണ് അപകടത്തിലേക്ക് നയിച്ചത്. മൂന്ന് രക്ഷാ കപ്പലുകളും അഞ്ച് വിമാനങ്ങളും നീന്തൽവിദഗ്ദ്ധരെയും ഉപയോഗിച്ച് നടത്തുന്ന രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. ഇതുവരെ 45കാരനായ സെറെനോ എഡ്വാറൊഡോ എന്നയാളെ മാത്രമാണ് രക്ഷപ്പെടുത്താനായത്. എൻഞ്ചിൻ തകരാറിലായതോടെ ലൈഫ്ജാക്കറ്റ് ധരിക്കാൻ എല്ലാവർക്കും നിർദ്ദേശം ലഭിച്ചിരുന്നെന്നും എന്നാൽ, വെള്ളത്തിൽ ചാടിയശേഷം ആരെയും കണ്ടില്ലെന്നും സെറെനോ പറഞ്ഞതായി റിപ്പോർട്ടുണ്ട്.
ഇറച്ചിക്കായി കയറ്റി അയച്ച കന്നുകാലികളാണ് കപ്പലിൽ ഉണ്ടായിരുന്നത് എന്നാണ് വിവരം. ജീവനക്കാരിൽ ഭൂരിഭാഗം പേരും ഫിലിപ്പീൻസിൽ നിന്നുള്ളവരാണ്. ബാക്കിയുള്ളവർ ന്യൂസീലൻഡ്, ആസ്ട്രേലിയ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്.