ന്യൂയോർക്ക്: തിരഞ്ഞെടുപ്പിൽ രണ്ടു തവണ വോട്ട് ചെയ്യൂ എന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പരാമർശം വിവാദമായി. നോർത്ത് കരോളിനയിലെ ഒരു വെബ്സൈറ്റിന് നൽകിയ അഭിമുഖത്തിലാണ് മെയിലിലൂടെയും നേരിട്ട് പോളിംഗ് ബൂത്തിൽ എത്തിയും വോട്ട് രേഖപ്പെടുത്താൻ ട്രംപ് വോട്ടർമാരോട് ആവശ്യപ്പെട്ടത്.
സംഭവം വിവാദമായതോടെ ഇതുമായി ബന്ധപ്പെട്ട ട്രംപിന്റെ വീഡിയോയും പ്രസ്താവനയും ഫേസ്ബുക്കും ട്വിറ്ററും നീക്കം ചെയ്തു. വ്യാജ വോട്ട് തടയുകയെന്ന ഞങ്ങളുടെ പോളിസിയുടെ ഭാഗമായാണ് ട്രംപിന്റെ പ്രസ്താവന നീക്കുന്നത്.''- ഫേസ്ബുക്ക് അധികൃതർ അറിയിച്ചു. ട്രംപിനെതിരെ ഡെമോക്രാറ്റിക് പാർട്ടിയും രംഗത്തെത്തിയിട്ടുണ്ട്.രണ്ട് തവണ വോട്ടുചെയ്യാനാവശ്യപ്പെടുന്ന ട്രംപിന്റെ വീഡിയോ വൈറലായി മാറിയിരുന്നു.
കൊവിഡ് മൂലം നോർത്ത് കരോളിനയിൽ അടക്കം ചില സംസ്ഥാനങ്ങളിൽ മെയിലിലൂടെയാണ് വോട്ടെടുപ്പ് നടത്തുന്നത്.
'എന്നാൽ, വാർത്ത മാദ്ധ്യമങ്ങൾ വളച്ചൊടിച്ചതാണെന്ന് വൈറ്റ്ഹൗസ് വൃത്തങ്ങൾ അറിയിച്ചു. മെയിലിലൂടെയുള്ള വോട്ട് രേഖപ്പെടുത്തിയെന്ന് ഉറപ്പുവരുത്താനും അതിന് കഴിഞ്ഞിട്ടില്ലെങ്കിൽ നേരിട്ടെത്തി വോട്ട് ചെയ്യാനുമാണ് പ്രസിഡന്റ് നിർദ്ദേശിച്ചതെന്നും രണ്ട് തവണ വോട്ടു ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിട്ടില്ലെന്നും വൈറ്റ് ഹൗസ് പ്രതികരിച്ചു.