തിരുവനന്തപുരം: ഗ്രാന്റ് കെയർ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് കൊവിഡ് വയോക്ഷേമ ജില്ലാ കാൾ സെന്ററുകൾ തുറന്നു. സംസ്ഥാനതല ഉദ്ഘാടനം മന്ത്രി കെ.കെ. ശൈലജ ഓൺലൈനായി നിർവഹിച്ചു. കാൾ സെന്ററിലേക്കുള്ള മന്ത്രിയുടെ ആദ്യ കാൾ എറണാകുളം ജില്ലാ കളക്ടർ സുഹാസ് സ്വീകരിച്ചു.സാമൂഹ്യനീതി വകുപ്പ് സെക്രട്ടറി ബിജു പ്രഭാകർ അദ്ധ്യക്ഷത വഹിച്ചു. സാമൂഹ്യനീതി വകുപ്പ് ഡയറക്ടർ ഷീബ ജോർജ്, വനിത ശിശുവികസന വകുപ്പ് ഡയറക്ടർ ടി.വി. അനുപമ, സാമൂഹ്യ സുരക്ഷാമിഷൻ എക്സി. ഡയറക്ടർ ഡോ. മുഹമ്മദ് അഷീൽ, എൻ.സി.ഡി സ്റ്റേറ്റ് നോഡൽ ഓഫീസർ ഡോ. വിപിൻ ഗോപാൽ, ബി.എസ്.എൻ.എൽ ഡെപ്യൂട്ടി ജനറൽ മാനേജർ പ്രീതി, വിവിധ ജില്ലാ കളക്ടർമാർ എന്നിവർ പങ്കെടുത്തു.അങ്കണവാടി ജീവനക്കാർ ശേഖരിച്ച വിവരങ്ങളിലൂടെയാണ് കാൾ സെന്റർ വയോജനങ്ങളുമായി ബന്ധപ്പെടുന്നത്. വീടുകളിൽ റിവേഴ്സ് ക്വാറന്റൈനിലുള്ള വയോജനങ്ങളുടെ ആരോഗ്യ പ്രശ്നങ്ങളും അടിയന്തര ആവശ്യങ്ങളും പരിഹരിക്കുന്നതിനായാണ് 14 ജില്ലകളിലും കാൾ സെന്റർ ആരംഭിച്ചത്. രാവിലെ 6 മുതൽ രാത്രി 10 വരെയാണ് പ്രവർത്തനം. ഓരോയിടത്തും 20 ജീവനക്കാർ രണ്ട് ഷിഫ്റ്റുകളിലായി പ്രവർത്തിക്കും.