പ്ലാങ്കമൺ : അയിരൂർ പൊടിപ്പാറ - പനംപ്ലാക്കൽ റോഡ് ഇടിഞ്ഞ് താഴുന്നതിന് പരിഹാരമായി ജില്ലാ പഞ്ചായത്ത് 80 ലക്ഷം രൂപാ ചെലവഴിച്ച് സംരക്ഷണഭിത്തി നിർമ്മിച്ചു. മണ്ണിടിച്ചിൽ മൂലം അപകടാവസ്ഥയിലായിരുന്ന റോഡിന്റെ വശങ്ങൾ കോൺക്രീറ്റ് ചെയ്ത് ബലപ്പെടുത്തിയാണ് പാർശ്വഭിത്തി നിർമ്മാണം നടത്തിയത്. 250 മീറ്റർ നീളവും 9 മീറ്റർ വരെ ഉയരവുമാണ് ഭിത്തിക്കുള്ളത്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ്ജ് മാമ്മൻ കൊണ്ടൂർ ഇടപെട്ടാണ് രണ്ട് ഘട്ടമായി തുക അനുവദിച്ചത്.
അയിരൂർ ഗ്രാമപഞ്ചായത്തിനെയും റാന്നിഅങ്ങാടി പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന വഴിയാണിത്. അയിരൂർ പഞ്ചായത്തിന്റെ അഞ്ചാം വാർഡിൽ ഉൾപ്പെടുന്ന പ്രദേശമാണിവിടം. റാന്നി - തിരുവല്ല റോഡിനെയും പന്നിക്കുന്ന് - പൂവൻമല റോഡിനെയും ഇത് ബന്ധിപ്പിക്കുന്നു. പുതുക്കുളങ്ങര, കുരുവിക്കാട്ടിൽപടി, മഞ്ഞനാംകുഴി, മലങ്കോട്ട, പുള്ളോലിൽ പ്രദേശവാസികളുടെ മുഖ്യആശ്രയവും ഈ പാതയാണ്. സംരക്ഷണഭിത്തി നിർമ്മിച്ചതോടെ റോഡിന്റെ വീതി പൂർവ്വ സ്ഥിതിയിൽ നിലനിറുത്താനും സാധിച്ചു.
പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ്ജ് മാമ്മൻ കൊണ്ടൂർ നിർവ്വഹിച്ചു. അയിരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ടി. തോമസുകുട്ടി അദ്ധ്യക്ഷനായിരുന്നു. ഗ്രാമപഞ്ചായത്തംഗം സുരാജ് എം.ജി, വിദ്യാധരൻ അമ്പലേത്ത്, തോമസ് ദാനിയേൽ, അഭിനു മഴവഞ്ചേരി, ജോൺ. പി. ജോൺ, ആനന്ദൻ എന്നിവർ പ്രസംഗിച്ചു.