കണ്ണൂർ: ശില്പി ഉണ്ണി കാനായിയുടെ സ്വപ്നം സാഫല്യത്തിലേക്ക്. യുഗപ്രഭാവൻ ശ്രീനാരായണ ഗുരുദേവന്റെ എട്ടടി ഉയരമുള്ള പ്രതിയുടെ നിർമ്മാണം അവസാന ഘട്ടത്തിലെത്തി.
ഗുരുദേവന്റെ ജാതിയില്ലാ വിളംബര ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി സാംസ്കാരിക വകുപ്പ് തിരുവനന്തപുരം നഗരത്തിൽ സ്ഥാപിക്കുന്ന പ്രതിമയാണിത്.
കനകക്കുന്ന് കൊട്ടാരത്തിന് എതിർവശം വാട്ടർ അതോറിട്ടിയുടെ കൽമണ്ഡപത്തിന് സമീപം തയ്യാറാക്കുന്ന പാർക്കിലാണ് പ്രതിമ സ്ഥാപിക്കുന്നത്. പാർക്കിൽ പൂന്തോട്ടവും സന്ദർശകർക്കായി ഇരിപ്പിടങ്ങളും ഒരുക്കുന്നതും പുരോഗമിക്കുകയാണ്.
രണ്ട് വർഷത്തോളമായി ഉണ്ണി രാവും പകലുമില്ലാതെ ഗുരുദേവ പ്രതിമാ നിർമ്മാണത്തിലാണ്. ഗുരുവിന്റെ ജനനം മുതൽ മഹാസമാധി വരെയുള്ള മുഹൂർത്തങ്ങളും ഇതിനൊപ്പം ആലേഖനം ചെയ്യുന്നുണ്ട്.
കളിമണ്ണിൽ നിർമ്മിച്ച ശേഷം പ്ളാസ്റ്റർ ഒഫ് പാരീസിൽ മോൾഡ് ചെയ്തെടുത്താണ് വെങ്കല പ്രതിമയുടെ നിർമ്മാണം. ഉണ്ണിയെ സഹായിക്കാൻ അഞ്ചു പേർ കൂടിയുണ്ട്.
നിരവധി പ്രതിമകൾ കേരളത്തിനകത്തും പുറത്തും നിർമ്മിച്ചെങ്കിലും ഗുരുദേവ പ്രതിമ ചെയ്യുമ്പോൾ മനസാന്നിദ്ധ്യവും കൈയടക്കവും കൂടെയുണ്ടാകണേ എന്ന പ്രാർത്ഥനയിലായിരുന്നു ഉണ്ണി.
ഗ്രാനൈറ്റ് പാകിയ പത്തടി ഉയരത്തിലുള്ള പീഠത്തിന് മുകളിലായാണ് പ്രതിമ സ്ഥാപിക്കുന്നത്. പൂർത്തിയാകുമ്പോൾ ആയിരം കിലോ തൂക്കം വരും.
കാനായിയിൽ പരേതനായ ചെത്ത് തൊഴിലാളി ഇ. പത്മനാഭന്റെയും അക്കാളത്ത് ജാനകിയുടെയും മകനാണ് ഉണ്ണി. ശില്പനിർമ്മാണം പഠിക്കാൻ ഒരു ഇൻസ്റ്റിറ്റ്യൂട്ടിലും പോയിട്ടില്ല. പലയിടങ്ങളിൽ നിന്നായി കണ്ടുപഠിച്ചതാണ്.
മഹാത്മാഗാന്ധിയുടെ 15 പ്രതിമകൾ ഇതിനകം പൂർത്തിയാക്കി. തുഞ്ചത്ത് എഴുത്തച്ഛൻ, ടാഗോർ, വൈക്കം മുഹമ്മദ് ബഷീർ, എ.പി.ജെ. അബ്ദുൾ കലാം, സി.എച്ച്. കണാരൻ തുടങ്ങിയവരുടെ പ്രതിമകളും നിർമ്മിച്ചു. ചട്ടമ്പിസ്വാമികൾ, സി.വി. രാമൻപിള്ള, കെ.പി.പി. നമ്പ്യാർ എന്നിവരുടെ പ്രതിമകൾ പണിപ്പുരയിലാണ്. ജസ്നയാണ് ഭാര്യ. അർജുൻ, ഉത്തര എന്നിവർ മക്കൾ.
'ഗുരുദേവ പ്രതിമ നിർമ്മാണം ജന്മസാഫല്യമാണ്. ഊണിലും ഉറക്കത്തിലുമെല്ലാം പ്രതിമയുടെ പൂർണത കണ്ടു കഴിയുകയായിരുന്നു. ഒരു മാസം കൊണ്ട് പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ".
- ഉണ്ണി കാനായി