ബംഗളൂരു: മയക്കുമരുന്ന് കേസിൽ തെന്നിന്ത്യൻ നടി രാഗിണി ദ്വിവേദിയെ ബംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഇന്നലെ രാവിലെ ആറിന് രാഗിണിയുടെ യെലഹങ്കയിലെ വീട്ടിൽ നടന്ന റെയ്ഡിന് ശേഷമാണ് അന്വേഷണ സംഘം ഇവരെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് സി.സി.ബി ആസ്ഥാനത്തെത്തിച്ച് എട്ടുമണിക്കൂറോളം ചോദ്യം ചെയ്തശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിൽ നാലാമത്തെ അറസ്റ്റാണ് രാഗിണിയുടേത്.
രാഗിണിയുടെ സുഹൃത്ത് രവിശങ്കർ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. ഇയാൾ പാർട്ടികളിൽ മയക്കുമരുന്ന് വിതരണം ചെയ്തിരുന്നതായി കണ്ടെത്തിയിരുന്നു. കന്നഡ സിനിമാ മേഖലയുമായി രവിശങ്കറിനെ ബന്ധപ്പെടുത്തിയിരുന്നത് രാഗിണിയാണെന്നതിന് വ്യക്തമായ തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. രാഗിണിക്ക് മയക്കുമരുന്ന് സംഘവുമായി നേരിട്ട് ബന്ധമുണ്ടെന്നും യെലഹങ്കയിലെ വീട്ടിൽ നടന്ന പാർട്ടികളിലടക്കം മയക്കു മരുന്ന് ഉപയോഗിച്ചുവെന്നും ചോദ്യം ചെയ്യലിൽ വ്യക്തമായി.
ഇവരുടെ കൈയിൽ നിന്ന് നാലു മൊബൈൽ ഫോണുകൾ പിടിച്ചെടുത്തിട്ടുണ്ട്. ഇതിൽ രണ്ടെണ്ണത്തിലെ വാട്സാപ്പ് ചാറ്റുകൾ നീക്കം ചെയ്ത നിലയിലാണ്. ഇത് വീണ്ടെടുക്കാനുളള ശ്രമത്തിലാണ് അന്വേഷണ സംഘം.
കേസിൽ നടി സഞ്ജന ഗൽറാണിയേയും ഉടൻ ചോദ്യം ചെയ്യും. ഇവരുടെ സഹായി രാഹുലിനെ അറസ്റ്റ് ചെയ്തെന്നാണ് വിവരം.
ഇന്ദ്രജിത്ത് ലങ്കേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ കന്നഡ സിനിമയിലെ 12 ഓളം പ്രമുഖർക്ക് കൂടി നോട്ടീസ് അയച്ചേക്കുമെന്നാണ് സൂചന.
കുറ്റം ചെയ്തവർ എത്ര ഉന്നതരായാലും ശിക്ഷിക്കപ്പെടും. ലഹരി ഉപയോഗം തുടച്ചു നീക്കാൻ ശക്തമായ നടപടികൾ കൈക്കൊള്ളും.
- കർണാടക ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മെ
കാണ്ഡഹാറിലെ നായിക
അമിതാഭ് ബച്ചനും മോഹൻലാലും അഭിനയിച്ച മലയാള സിനിമ കാണ്ഡഹാറിലെ നായികയായിരുന്നു രാഗിണി. മമ്മൂട്ടി ചിത്രമായ ഫേസ് ടു ഫേസിലും അഭിനയിച്ചിരുന്നു. ബംഗളൂരുവിൽ ജനിച്ച് വളർന്ന പഞ്ചാബ് സ്വദേശിയായ രാഗിണി സൂപ്പർ മോഡലായി പേരെടുത്ത ശേഷമാണ് സിനിമയിലെത്തുന്നത്.
19-ാം വയസിൽ കന്നഡ സൂപ്പർതാരം കിച്ച സുദീപിന്റെ നായികയായി. തുടർന്ന് കന്നഡ സിനിമയിൽ കൈനിറയെ അവസരങ്ങൾ ലഭിച്ചു. ഏറെയും ഗ്ലാമറസ് കഥാപാത്രങ്ങളായിരുന്നു.
ശിവ രാജ്കുമാർ, ഉപേന്ദ്ര, വി. രവിചന്ദ്രൻ എന്നിവരടക്കമുള്ള സൂപ്പർ നായകന്മാരുടെ നായികയായി. തമിഴിലും തെലുങ്കിലും അഭിനയിച്ചിരുന്നു. ബോളിവുഡ് ചിത്രമായ ആർ.രാജ്കുമാറിലടക്കം നിരവധി ചിത്രങ്ങളിൽ ഐറ്റം ഡാൻസറായും വേഷമിട്ടു.
തനിക്കെതിരായ ആരോപണങ്ങളിൽ അർത്ഥമില്ലെന്നും ലഹരി മാഫിയയുമായി ഒരു ബന്ധവും ഇല്ലെന്നും രാഗിണി ട്വീറ്റ് ചെയ്തിരുന്നു.