കൊല്ലം: ഒപ്പ് വിവാദത്തിൽ ഫോറൻസിക് പരിശോധന നടത്താൻ മുഖ്യമന്ത്രി തയ്യാറാണോയെന്ന് ബി.ജെ.പിയുടെ വെല്ലുവിളി. കൊല്ലം ജില്ലാ ഓഫീസ് ശിലാസ്ഥാപനത്തിനെത്തിയ സംസ്ഥാന സെക്രട്ടറി കെ.സുരേന്ദ്രനും ബി.ജെ.പി വക്താവ് സന്ദീപ് വാര്യരുമാണ് ഇക്കാര്യം ഉന്നയിച്ചത്.
അരിയെത്രയെന്ന് ചോദിച്ചാൽ പയർ അഞ്ഞാഴി എന്നാണ് മുഖ്യമന്ത്രിയുടെ മറുപടിയെന്ന് സുരേന്ദ്രൻ പറഞ്ഞു. ഐപാഡ് ഉയർത്തിക്കാട്ടി മുഖ്യമന്ത്രി 39 ഫയലുകളിൽ ഒപ്പിട്ടെന്ന് പറയുന്നത് സെപ്തംബർ ആറിനാണ്. ഞങ്ങൾ പറഞ്ഞ വ്യാജ ഒപ്പ് ഒൻപതാം തീയതിയിലേതാണ്. രണ്ടു ദിവസത്തെയും ഫയലുകൾ ഒരുമിച്ച് പുറത്തുവിടാൻ തയ്യാറാകണം. അപ്പോൾ ജനത്തിന് സത്യം ബോദ്ധ്യമാവും. ഫോറൻസിക് പരിശോധന നടത്തി സത്യം പുറത്തുകൊണ്ടുവരേണ്ടത് മുഖ്യമന്ത്രിയുടെ ബാദ്ധ്യതയാണ്.
കാസർകോട് ജില്ലയിലെ നാലു പഞ്ചായത്തുകൾ സി.പി.എമ്മും ലീഗും ചേർന്നാണ് ഭരിക്കുന്നത്. ബി.ജെ.പിയുമായി ലീഗിന് ബന്ധമുണ്ടെന്ന് പറയാൻ മുഖ്യമന്ത്രിക്ക് നാണമില്ലേയെന്നും സുരേന്ദ്രൻ ചോദിച്ചു.
മുഖ്യമന്ത്രിയും ധനമന്ത്രിയും പറയുന്നത് പരസ്പരവിരുദ്ധമായിട്ടാണെന്ന് സന്ദീപ് വാര്യർ പറഞ്ഞു. ധനമന്ത്രി ഫിസിക്കൽ ഫയലെന്നും മുഖ്യമന്ത്രി ഇലക്ട്രോണിക് ഫയലെന്നുമാണ് പറയുന്നത്. ഏതാണ് സത്യം. ധനമന്ത്രി പറഞ്ഞത് സത്യമെന്ന് പറഞ്ഞാലും ഒപ്പ് വ്യാജമാണെന്ന് സമ്മതിച്ചാലും മുഖ്യമന്ത്രിക്ക് രാജിവയ്ക്കേണ്ടിവരും. അത് ബോദ്ധ്യമുള്ളതുകൊണ്ടാണ് മുഖ്യമന്ത്രി ഒൻപതാം തീയതി പറയാതെ ആറാം തീയതിയിലെ ഒപ്പ് പുറത്തുവിട്ടത്. വ്യാജ ഒപ്പാണെന്നതിൽ ഞങ്ങൾ ഉറച്ചു നിൽക്കുന്നു.