SignIn
Kerala Kaumudi Online
Sunday, 28 February 2021 7.09 AM IST

വിദ്യാദീപമാകട്ടെ ഗുരുദേവ സർവകലാശാല

guru-01

സമൂഹത്തിന്റെയും രാജ്യത്തിന്റെയും അഭ്യുന്നതി വിദ്യാഭ്യാസത്തിലൂടെ മാത്രമേ സാദ്ധ്യമാകൂ എന്ന് ശ്രീനാരായണ ഗുരുദേവൻ അരുളിചെയ്തത് ഒരു നൂറ്റാണ്ടു മുമ്പാണ്. കേരളത്തിന്റെ ഏറ്റവും മഹാനായ ആ നവോത്ഥാന നായകന്റെ പേരിൽ സംസ്ഥാനത്ത് ഒരു ഓപ്പൺ സർവകലാശാല പിറവിയെടുക്കുകയാണ്. രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ ജന്മദിനമായ ഒക്ടോബർ രണ്ട് ആ മംഗളകർമ്മത്തിനായി തിരഞ്ഞെടുത്തതും ഏറെ ഉചിതം തന്നെ. കേരള ചരിത്രത്തിൽ ഒട്ടധികം പൈതൃക ചരിത്രം അവകാശപ്പെടാവുന്ന കൊല്ലം നഗരമായിരിക്കും ശ്രീനാരായണ ഓപ്പൺ സർവകലാശാലയുടെ ആസ്ഥാനം. ഗുരുദേവന്റെ പേരിൽ ഉചിതവും അഭിമാനകരവുമായ ഒരു സ്മാരകമായിരിക്കും കൊല്ലത്ത് പിറവിയെടുക്കാൻ പോകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറയുകയുണ്ടായി. പിന്നാക്ക വിഭാഗങ്ങൾക്കിടയിൽ വിദ്യയുടെ കെടാവിളക്കു തെളിക്കുന്നതിൽ അഭിമാനകരമായ പങ്കു നിർവഹിച്ചുകൊണ്ടിരിക്കുന്ന ഒട്ടേറെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന കൊല്ലത്ത് ഗുരുദേവ സർവകലാശാല പുതിയൊരു വിദ്യാഭ്യാസ വിപ്ളവത്തിനാകും തുടക്കം കുറിക്കുക. പിറവിയുടെ ബാലാരിഷ്ടതകൾ സ്വാഭാവികമാണെങ്കിലും അതിവേഗം അവയെല്ലാം തരണം ചെയ്ത് മലയാളികൾക്കാകെ അഭിമാനിക്കാവുന്ന മഹത് സ്ഥാപനമായി ഈ ഉന്നത വിദ്യാഭ്യാസ കേന്ദ്രം വളർന്നു പന്തലിക്കട്ടെ എന്ന് ആശംസിക്കുന്നു.

ഗുരുദേവ സർവകലാശാല പ്രവർത്തനം തുടങ്ങുന്നതോടെ സംസ്ഥാനത്തെ നാലു സർവകലാശാലകൾക്കു കീഴിൽ ഇപ്പോൾ ഏതാണ്ട് അനാഥനിലയിൽ നടക്കുന്ന വിദൂര പഠനകേന്ദ്രങ്ങൾ ഒന്നാകെ പുതിയ സർവകലാശാലയ്ക്കു കീഴിലാകും. പരമ്പരാഗത പഠന രീതിയിലൂടെയല്ലാതെ പഠിക്കാനും ഉന്നത ബിരുദങ്ങൾ നേടാനും അവസരം ഒരുക്കുന്നതിലൂടെയാണ് ഓപ്പൺ സർവകലാശാലകൾ ലോകമെങ്ങും പ്രസക്തി നേടുന്നത്. നോക്കാൻ ആളില്ലാത്തതുകൊണ്ടും നടത്തിപ്പുദോഷം കൊണ്ടും നമ്മുടെ സർവകലാശാലകളുടെ കീഴിൽ വർഷങ്ങളായി നടന്നുവരുന്ന വിദൂര പഠന ക്ളാസുകൾ അതിൽ ചേരുന്നവർക്കെല്ലാം വലിയ ശിക്ഷയായിട്ടാണ് പലപ്പോഴും അനുഭവപ്പെടാറുള്ളത്. യു.ജി.സി നിബന്ധനകൾ പാലിക്കാത്തതിന്റെ പേരിൽ പലവട്ടം ഇത്തരം വിദൂര പഠനകേന്ദ്രങ്ങൾക്കുമേൽ പൂട്ടുവീഴുന്ന ഘട്ടങ്ങൾ ഉണ്ടായിട്ടുണ്ട്. താത്‌കാലിക അംഗീകാരം വാങ്ങി വല്ലവിധേനയും ആയുസ് നീട്ടിയെടുക്കുകയാണ് ചെയ്യാറുള്ളത്. സർവകലാശാലകളുടെ കീഴിലാണ് വിദൂര പഠനകേന്ദ്രങ്ങൾ പ്രവർത്തിക്കുന്നതെങ്കിലും അവ നൽകുന്ന സർട്ടിഫിക്കറ്റുകൾക്ക് ആദ്യകാലത്ത് അംഗീകാരം ലഭിക്കാത്തതും പ്രശ്നമായി മാറിയിരുന്നു. പല കാരണങ്ങളാൽ കോളേജുകളിലും സർവകലാശാലാ വകുപ്പുകളിലും സീറ്റ് ലഭിക്കാതെ പോകുന്ന പതിനായിരക്കണക്കിന് യുവതീയുവാക്കളുടെ ആശ്രയം വിദൂര പഠനകേന്ദ്രങ്ങളാണ്. ജോലിയുള്ളവർക്കും ജോലിക്കൊപ്പം ഉന്നത ബിരുദങ്ങൾ നേടാൻ അവസരം ഒരുക്കുന്നതിലൂടെ ഓപ്പൺ സർവകലാശാലകൾക്ക് ലോകത്തെവിടെയും സമുന്നത സ്ഥാനം തന്നെയാണുള്ളത്.

വിദൂര പഠനത്തിനായി മാത്രം സംസ്ഥാനത്ത് സർവകലാശാല വേണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഏറ്റവും ഒടുവിൽ 2009-ൽ ഇതുസംബന്ധിച്ച് ഇന്ദിരാഗാന്ധി ഓപ്പൺ യൂണിവേഴ്സിറ്റി വൈസ് ചാൻസലറായിരുന്ന റാം ജി. ടക്‌വാലെ അദ്ധ്യക്ഷനായുള്ള മൂന്നംഗ വിദഗ്ദ്ധ സമിതി സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. അതു വെളിച്ചം കണ്ടില്ല. പിന്നീട് ഈ സർക്കാരാണ് വിദ്യാഭ്യാസ വിദഗ്ദ്ധനായ പ്രൊഫ. ജെ. പ്രഭാഷിനെ ഇതിനായി സ്പെഷ്യൽ ഓഫീസറായി നിയമിച്ചത്. നാനാവശങ്ങളും പഠിച്ച് കഴിഞ്ഞ ജൂണിൽ അദ്ദേഹം സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഓപ്പൺ സർവകലാശാലാ രൂപീകരണം സംബന്ധിച്ചുള്ള ഇപ്പോഴത്തെ സർക്കാർ തീരുമാനം. ഏറെ വൈകിയാണെങ്കിലും ഓപ്പൺ സർവകലാശാല സ്ഥാപിക്കാൻ നടപടി ഉണ്ടായത് പതിനായിരക്കണക്കിന് യുവജനങ്ങൾക്ക് അറിവിന്റെ പുതുവെളിച്ചം എത്തിപ്പിടിക്കാനുള്ള അവസരമാണ് തുറന്നിടാൻ പോകുന്നത്. ഗുരുദേവ സർവകലാശാല പൂർണതോതിൽ പ്രവർത്തനക്ഷമമാകുന്നതോടെ കേരള, എം.ജി, കാലിക്കറ്റ്, കണ്ണൂർ സർവകലാശാലയ്ക്കു കീഴിലുള്ള മുഴുവൻ വിദൂരപഠന കേന്ദ്രങ്ങളും അതിനു കീഴിലാകും. മാനവിക വിഷയങ്ങൾ മാത്രമല്ല സയൻസ് വിഷയങ്ങളും ഓപ്പൺ സർവകലാശാലയിൽ പഠിക്കാം. നിലവിലുള്ള കോളേജുകളിലെ ലാബുകളും മറ്റു സൗകര്യങ്ങളും പ്രയോജനപ്പെടുത്തിയാകും വിദൂര പഠന വിഭാഗം വിദ്യാർത്ഥികളുടെ ശാസ്ത്രാഭ്യസനം. ശനി, ഞായർ ദിവസങ്ങളും മറ്റ് ഒഴിവു ദിവസങ്ങളും കോളേജുകളിലെ സൗകര്യം വിദൂര പഠനങ്ങൾക്കായി മാറ്റിവയ്ക്കാൻ കഴിയും. നിലവിലെ സർവകലാശാലാ വിദൂര പഠനകേന്ദ്രങ്ങളിലെ അദ്ധ്യാപകർക്കും മറ്റു ജീവനക്കാർക്കും പുതിയ ഓപ്പൺ സർവകലാശാലയിലേക്ക് ഓപ്‌ഷൻ നൽകി മാറാൻ അവസരം നൽകും. ആർക്കും തൊഴിൽ നഷ്ടം ഉണ്ടാവുകയില്ല. നിലവിൽ പരമ്പരാഗത വിഷയങ്ങളാണ് വിദൂര പഠനകേന്ദ്രങ്ങളുടെ ആകെ കൈമുതൽ. വിദൂര പഠന സമ്പ്രദായത്തെ അങ്ങേയറ്റം അനാകർഷകമാക്കുന്നതും ഈ പരിമിതികളാണ്. ഓപ്പൺ സർവകലാശാല ഇതിന് മാറ്റമുണ്ടാക്കും. വൈവിദ്ധ്യമാർന്നതും കാലത്തിനിണങ്ങുന്നതുമായ അനേകം കോഴ്സുകളുമായിട്ടാകും ഓപ്പൺ സർവകലാശാല വരുന്നത്. ഏതു പ്രായക്കാർക്കും യോജിച്ച വിഷയം തിരഞ്ഞെടുക്കാൻ അവസരം ലഭിക്കും. ഇടയ്ക്കുവച്ച് പഠനം മുടക്കേണ്ടിവരുന്നവർക്കും അതുവരെയുള്ള പഠനം അടിസ്ഥാനമാക്കി സർട്ടിഫിക്കറ്റ് നൽകാൻ വ്യവസ്ഥയുണ്ടാകും. നാലു സർവകലാശാലകളിലുമായി ഇപ്പോൾ ഒന്നേകാൽ ലക്ഷത്തോളം പേർ വിദൂര പഠനം നടത്തുന്നുണ്ട്. സർവകലാശാല വരുന്നതോടെ സംഖ്യ പതിന്മടങ്ങാകുമെന്നു കരുതാം. ഇതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കേണ്ട വലിയ ബാദ്ധ്യത സർവകലാശാലയെ കാത്തിരിക്കുന്നുണ്ട്. ആസൂത്രണവും നിർവഹണവുമൊക്കെ മികവു പുലർത്തുന്ന വിധമായില്ലെങ്കിൽ ധാരാളം പഴി കേൾക്കേണ്ടിവരും. അക്കാഡമിക് - ഗവേഷണ കൗൺസിൽ, ഡയറക്ടേഴ്സ് കൗൺസിൽ, സ്കൂൾസ് ഒഫ് സ്റ്റഡീസ് എന്നിങ്ങനെ മൂന്നു തലത്തിലാകും ഓപ്പൺ യൂണിവേഴ്സിറ്റിയുടെ ഘടന എന്നാണ് കേൾക്കുന്നത്. വികേന്ദ്രീകൃത ഭരണ സംവിധാനമാണ് ഉദ്ദേശിക്കുന്നത്. പ്രവർത്തനം സംസ്ഥാന വ്യാപകമായതിനാൽ മേഖലാ കേന്ദ്രങ്ങളും പഠനകേന്ദ്രങ്ങളും അനിവാര്യമാണ്.

കൊവിഡിന്റെ പശ്ചാത്തലത്തിൽ സ്കൂൾ തലത്തിൽ പോലും സാർവത്രികമായ ഓൺലൈൻ ക്ളാസുകൾ വിദൂരപഠന രംഗത്തും വർദ്ധിച്ച തോതിൽ പ്രയോജനപ്പെടുത്താൻ കഴിയും. രാജ്യത്തിനകത്തും പുറത്തും നിന്നുള്ള പ്രഗത്ഭരായ അദ്ധ്യാപകരുടെ ഓൺലൈൻ ക്ളാസുകൾ വിദൂര പഠനകേന്ദ്രങ്ങളുടെ പ്രത്യേകതയായി മാറ്റാം. ഉന്നത വിദ്യാഭ്യാസം കാംക്ഷിക്കുന്നവരുടെ സംഖ്യ ഓരോ വർഷം കഴിയുമ്പോഴും കുതിച്ചുയരുകയാണ്. കോളേജുകളിലെ സീറ്റുകളിൽ ഉൾക്കൊള്ളാനാവാത്ത വിധത്തിലാണ് വിജയികളുടെ എണ്ണം. പരീക്ഷകളിൽ തോൽവി ക്രമാനുഗതമായി ഇല്ലാതാവുന്ന സാഹചര്യത്തിൽ നല്ലൊരു വിഭാഗത്തിനും ഇനി ശരണം വിദൂര പഠന കേന്ദ്രങ്ങളാകും. വിദൂര പഠനത്തിനായി മാത്രം ഒരു സർവകലാശാല ജന്മം കൊള്ളുന്നത്. അതുകൊണ്ടുതന്നെ ഒട്ടനേകം വിദ്യാർത്ഥികൾക്ക് ആശ്വാസകരമാകും. ഏതു കാറ്റിലും ഉലയാത്ത കെടാവിളക്കായി ഗുരുദേവ ഓപ്പൺ സർവകലാശാല പരിലസിക്കട്ടെ എന്ന് ആശംസിക്കാം.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: EDITORIAL
KERALA KAUMUDI EPAPER
TRENDING IN OPINION
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.