തിരുവനന്തപുരം: കണ്ണൂർ കതിരൂരിൽ ബോംബ് നിർമ്മാണത്തിനിടെ രണ്ട് സി.പി.എം പ്രവർത്തകർക്ക് പരിക്കേറ്റത് കലാപത്തിനുള്ള കോപ്പുകൂട്ടലിനിടയിലാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ആരോപിച്ചു. സ്വർണക്കടത്ത് ഉൾപ്പെടെയുള്ള അഴിമതികളിൽ നിന്നും ശ്രദ്ധതിരിക്കാൻ സി.പി.എം സംസ്ഥാന വ്യാപകമായി ആസൂത്രിത അക്രമമുണ്ടാക്കാൻ ശ്രമിക്കുകയാണെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. സി.പി.എം ശക്തികേന്ദ്രമായ കതിരൂരിൽ വലിയ തോതിൽ ബോംബ് നിർമ്മാണം നടത്തി കണ്ണൂർ ജില്ലയെ വീണ്ടും ചോരക്കളമാക്കാനുള്ള ശ്രമമാണ് ഈ അപകടത്തിലൂടെ പുറത്തായിരിക്കുന്നത്. പാർട്ടി പ്രതിസന്ധിയിലാകുമ്പോൾ എല്ലാ കാലത്തും രാഷ്ട്രീയ കലാപമുണ്ടാക്കാൻ സി.പി.എം ശ്രമിക്കാറുണ്ട്. സംഭവത്തെ പറ്റി സമഗ്രമായി പൊലീസ് അന്വേഷിക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.