തിരുവനന്തപുരം: സ്വർണക്കടത്തും മയക്കുമരുന്ന് കേസും തമ്മിൽ അഭേദ്യമായ ബന്ധമാണുള്ളതെന്നും, മയക്കുമരുന്ന് കേസിൽപ്പെട്ടവർ കോട്ടയം ജില്ലയിൽ പാർട്ടി നടത്തിയിട്ടും അതേക്കുറിച്ച് അന്വേഷിക്കേണ്ടതില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാട് ആരോപണവിധേയനായ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനെ രക്ഷിക്കാനാണെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വാർത്താസമ്മേളത്തിൽ പറഞ്ഞു.
സ്വർണക്കടത്ത് നടന്നപ്പോൾ, വർഷങ്ങളായി ഒപ്പമുണ്ടായിരുന്ന ശിവശങ്കർ അതിൽ ബന്ധപ്പെട്ടതായി തനിക്കറിയില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അതേ നിലപാടാണ് ബിനീഷ് കോടിയേരിയോടും സ്വീകരിക്കുന്നത്. മയക്കുമരുന്ന് കേസിലെ പ്രതികളായ റമീസും അനൂപും തമ്മിൽ നിരവധി തവണ ഫോണിൽ ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് വാർത്തകൾ. ആ പ്രതികളുമായാണ് കോടിയേരിയുടെ മകന് ബന്ധം. സ്വർണക്കടത്ത് കേസിലെ പ്രതികൾ രക്ഷപ്പെട്ട് പോയി താമസിച്ചത് ബംഗളുരുവിലാണ്. സ്വപ്നയും മയക്കുമരുന്ന് സംഘവും തമ്മിലുള്ള ബന്ധവും പുറത്തുവരണം. നാർക്കോട്ടിക് സെൽ അന്വേഷണത്തിൽ നിന്ന് മാറി നിൽക്കുകയാണ്. കർണാടകം അന്വേഷിക്കുന്നതിനാൽ ഇവിടെ അന്വേഷിക്കേണ്ടതില്ലെന്നത് പ്രതികളെ രക്ഷിക്കാനാണെന്ന് പറയുന്നവരെ കുറ്റപ്പെടുത്താനാവില്ല.
മുഖ്യമന്ത്രി പ്രഖ്യാപിച്ച 100 ദിന പദ്ധതികൾ തട്ടിപ്പാണ്. ഇതിൽ പലതും ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നവയാണ്. ചിലത് 500ദിവസമായാലും നടപ്പാക്കാനുമാവില്ല.
ഉപതെരഞ്ഞെടുപ്പ് സാഹചര്യത്തെകുറിച്ച് തിരഞ്ഞെടുപ്പ് കമ്മിഷനുമായി സംസാരിക്കുമെന്നും ചെന്നിത്തല പറഞ്ഞു.