തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടികയിൽ പുതുതായി പേര് ചേർത്തവരുടെ എണ്ണം 26 ലക്ഷമായി. എന്നാൽ,യഥാർത്ഥ വർദ്ധന 4 ലക്ഷമേ വരൂ എന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ അധികൃതർ സൂചിപ്പിക്കുന്നത്.കൊവിഡിന് മുമ്പ് അപേക്ഷ നൽകിയവരിൽ പലരും ഫോട്ടോ ചേർത്തിരുന്നില്ല. ഇവർ വീണ്ടും അപേക്ഷിച്ചു കാണുമെന്നും,ഇങ്ങനെ ഇരട്ടിപ്പ് വന്നതാകാമെന്നുമാണ് കമ്മിഷന്റെ അനുമാനം.
വോട്ടർ പട്ടികയിൽ പേര് ചേർക്കാനും സ്ഥലം മാറ്റാനുമുള്ള അപേക്ഷകൾ നേരത്തേ സ്വീകരിച്ചിരുന്നു. ഈ പ്രക്രിയ പൂർത്തിയാവുന്നതിന് മുമ്പാണ് കൊവിഡ് വ്യാപിച്ചത്. തുടർന്ന് വീണ്ടും അപേക്ഷിക്കാനുളള അവസരം നൽകിയതോടെയാണ് പുതിയ അപേക്ഷകരുടെ സംഖ്യ 26 ലക്ഷമായത്. ഇവരുടെ ഹിയറിംഗ് 23 വരെ നടക്കും. 26നാണ് അവസാന വോട്ടർപട്ടിക പ്രസിദ്ധീകരിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷവും പട്ടികയിൽ പേര് ചേർക്കാൻ അവസരം നൽകും.