തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം 80,000 കവിഞ്ഞു. ഇന്നലെ 2479 കേസുകൾ റിപ്പോർട്ട് ചെയ്തതോടെ ആകെ രോഗബാധിതരുടെ എണ്ണം 82,104 ആയി. രോഗമുക്തി നേടിയവർ 60000 കടന്നു. 27,16 പേരാണ് ഇന്നലെ രോഗമുക്തരായത്.
ഇന്നലെ രോഗം സ്ഥിരീകരിച്ചതിൽ 2255 പേർ സമ്പർക്ക രോഗികളാണ്. 149 പേരുടെ ഉറവിടം വ്യക്തമല്ല. 34 ആരോഗ്യ പ്രവർത്തകരും കൊവിഡ് ബാധിതരായി. തലസ്ഥാനത്തെ അതിരൂക്ഷ വ്യാപനം മാറ്റമില്ലാതെ തുടരുന്നു. ജില്ലയിൽ 477 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കൂടുതൽ ജില്ലകളിൽ രോഗവ്യാപനം ഉയരുകയാണ്. എറണാകുളം -274 , കൊല്ലം -248 , കാസർകോട് -236 , തൃശൂർ -204 , കോട്ടയത്തും മലപ്പുറത്തും 178 പേർ വീതം, കോഴിക്കോട് -167, പത്തനംതിട്ട -141 കണ്ണൂർ -115, ആലപ്പുഴ -106 എന്നിങ്ങനെയാണ് ഇന്നലെ രോഗബാധിതർ നൂറുകടന്ന ജില്ലകളിലെ സ്ഥിതി.
കൊവിഡ് ബാധിച്ചുള്ള 11 മരണങ്ങളാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്. ഇതോടെ കൊവിഡിൽ 326 പേർക്കാണ് സംസ്ഥാനത്ത് ജീവൻ നഷ്ടമായത്. കഴിഞ്ഞമാസം 31ന് മരണമടഞ്ഞ വടക്കാഞ്ചേരി റാഫേൽ (78), മലപ്പുറം ഒളവറ്റൂർ ആമിന (95), കടമ്പാട് മുഹമ്മദ് (73), മഞ്ചേശ്വരം അബ്ദുൾ റഹ്മാൻ (60), കണ്ണൂർ വളപട്ടണം വാസുദേവൻ (83), 30ന് മരണമടഞ്ഞ കണ്ണൂർ ആലക്കോട് സന്തോഷ്കുമാർ (45), തിരുവനന്തപുരം അമരവിള രവിദാസ് (69), കൊല്ലം കല്ലംതാഴം ബുഷ്റ ബീവി (61), വിഴിഞ്ഞം ശബരിയാർ (65), വെഞ്ഞാറമൂട് സുലജ (56), തൃശൂർ പോങ്ങനംകാട് ഷിബിൻ (39) എന്നിവരുടെ പരിശോധനാഫലമാണ് പോസിറ്റീവായത്.