നാഗർകോവിൽ: അഞ്ചുഗ്രാമത്തിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ മൂന്ന് പേർ പിടിയിൽ. അഞ്ചുഗ്രാമം ജെയിംസ് ടൗൺ സ്വദേശി മണികണ്ഠനെ (35) കൊലപെടുത്തിയ സംഭവത്തിലാണ് ലക്ഷ്മിപുരം സ്വദേശി നിഷാന്ത് (32), ഇറച്ചിക്കുളം സ്വദേശി ഗണേഷ് (28), പതിനെട്ടുകാരനായ യുവാവ് എന്നിവരെ അറസ്റ്റ് ചെയ്തത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: കഴിഞ്ഞ ഒന്നാം തീയതി മുതൽ മണികണ്ഠനെ കാണാനില്ലെന്ന് കാട്ടി സഹോദരി മുത്തുലക്ഷ്മി അഞ്ചുഗ്രാമം സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അഞ്ചുഗ്രാമം പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരെയാണ് പ്രതികൾ പിടിയിലായത്. ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചു. സംഭവ ദിവസം മണികണ്ഠനും പ്രതികളായ മൂന്നുപേരും ചേർന്ന് മദ്യപിക്കുകയായിരുന്നു. ഇതിനിടെ മണികണ്ഠനും നിശാന്തും തമ്മിൽ വാക്കുതർക്കമുണ്ടായി. തുടർന്ന് പ്രതികൾ മണികണ്ഠനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം അടുത്തുള്ള കുളത്തിൽ വലിച്ചെറിയുകയായിരുന്നു. ഫയർഫോഴ്സ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ മൃതദേഹം കുളത്തിൽ നിന്നു കണ്ടെടുത്ത് പരിശോധനയ്ക്കായി ആശാരിപ്പള്ളം ആശുപത്രിയിലെത്തിച്ചു. പ്രതികളെ റിമാൻഡ് ചെയ്തു.