മറയൂർ: ചന്ദന മോഷണ കേസിൽ പിടിയിലായതിന്റെ പകതീർക്കാൻ മാതൃ സഹോദരിയെ വെടിവച്ചുകൊലപ്പെടുത്തിയ കേസിൽ റിമാന്റിൽ കഴിയുന്ന പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി. ജൂലായ് 21രാത്രിയിലാണ് ചിന്നാർ വനത്തിനുള്ളിലെ പാളപ്പെട്ടി ആദിവാസി കോളനിയിൽ ചന്ദ്രിക (29) യെ സഹോദരിയുടെ മകൻ കാളിയപ്പൻ (19) മണികണ്ഠൻ (21), മാധവൻ എന്നിവർ ചേർന്ന് കൃഷിയിടത്തിലെ കാവൽപുരയിൽ വച്ച് വെടിവച്ചു കൊലപ്പെടുത്തിയത്. അന്ന് രാത്രി തന്നെ പൊലീസ് പ്രതികളെയും വെടിവയ്ക്കാൻ ഉപയോഗിച്ച് തോക്കൂം കണ്ടെത്തിയിരൂന്നൂ. പിന്നീട് പൊലീസും വനം വകുപ്പും സംയുക്തമായി നടത്തിയ തിരച്ചിലിൽ ചന്ദന മോഷണ കേസ്സിൽ പിടിയിലായ പ്രതി മണികണ്ഠന്റെ വീട്ടിൽ നിന്നും മൂന്ന് ആനക്കൊമ്പുകളും കണ്ടെത്തിയിരുന്നു.
തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന കോളയിൽ വെടിവയ്ക്കാൻ ഉപയോഗിച്ച തോക്ക് എവിടെ നിന്നും പ്രതികൾക്ക് ലഭിച്ചു എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ കൂടുതൽ വ്യക്തത വരുത്താൻ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി പാളപ്പെട്ടിയിൽ എത്തിക്കും. മറയൂർ സി. ഐ ജി സുനിൽ, എസ്. ഐ ജി അജയകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. മണികണ്ഠൻ, കാളിയപ്പൻ എന്നിവരെയാണ് കസ്റ്റഡിയിൽ വാങ്ങിയത്. മൂന്നാം പ്രതിക്ക് പ്രായപൂർത്തിയാതിട്ടില്ല.അന്വഷണ സംഘത്തിന് ആവശ്യമെങ്കിൽ ആ പ്രതിയെ ജുവനൈൽ ഹോമിലെത്തി ചോദ്യം ചെയ്യും